നോക്കുകുത്തിയായി എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ്; മാലിന്യം പെരുവഴിയില്‍
മുഹമ്മ: മാലിന്യം ജൈവവളമാക്കി മാറ്റാനുള്ള എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മുഹമ്മ മാര്‍ക്കറ്റിലെ വെറും കാഴ്ച മാത്രം. മാര്‍ക്കറ്റിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥാപിച്ച എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ് ഇതേവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഫലത്തില്‍ മാര്‍ക്കറ്റിലെ മാലിന്യം ഇപ്പോഴും പെരുവഴിയില്‍ത്തന്നെ.
ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വ ആര്യാട് പദ്ധതി പ്രകാരമാണ് മുഹമ്മ മാര്‍ക്കറ്റില്‍ എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചത്. 2016-2017 പദ്ധതി പ്രകാരം ഐ ആര്‍ ടി സി നിര്‍മിച്ച യൂനിറ്റ് ഇപ്പോഴും നോക്കുകുത്തിയാണ്. മാര്‍ക്കറ്റിന്റെ തെക്കേ അറ്റത്തായി സ്ഥാപിച്ചിരിക്കുന്ന എയ്‌റോബിക് യൂനിറ്റിന് സമീപത്തായി ഇറച്ചി വ്യാപാരശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലേതടക്കമുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സമീപത്ത് തന്നെ സൗകര്യമുണ്ടായിട്ടും കംപോസ്റ്റ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുകയാണ്.
മുഹമ്മ മാര്‍ക്കറ്റില്‍ മാത്രം നിരവധി വ്യാപാരശാലകളുണ്ട്. ഇവയില്‍ മൂന്നെണ്ണം ഇറച്ചിക്കടകളാണ്. ഈ കടകളിലെ മാലിന്യം പലപ്പോഴും പെരുവഴിയിലാണ് തള്ളപ്പെടുന്നത്. മാലിന്യം കുമിഞ്ഞ് കൂടി മാര്‍ക്കറ്റില്‍ അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെടാറുണ്ട്. മാര്‍ക്കറ്റിന് സമീപം ഏതാനും കുടുംബങ്ങളും താമസിക്കുന്നുണ്ട്. അസഹ്യമായ ദുര്‍ഗന്ധം മൂലം പൊറുതിമുട്ടുകയാണിവര്‍. മഴക്കാലമെത്തുന്നതോടെ ഇവരുടെ ദുരിതം ഇരട്ടിയാകും.
മഴക്കാലമായാല്‍ മാര്‍ക്കറ്റിലെ അവസ്ഥ കൂടുതല്‍ രൂക്ഷമാകും. വഴികളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യം ചീഞ്ഞളിയും. ഈ പ്രശ്‌നം പരിഹരിക്കാനാണ് എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചത്. ലക്ഷങ്ങള്‍ മുടക്കി യൂനിറ്റ് സ്ഥാപിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ കാര്യമായ നടപടിയെടുക്കുന്നില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."