മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭരണഭാഷാ വികസന സമിതി
കുമ്പള: മഞ്ചേശ്വരം താലൂക്കിന്റെ പേര് തുളുനാട് താലൂക്ക് എന്നാക്കി മാറ്റാനുള്ള ശ്രമത്തില്‍നിന്നു അധികാരികള്‍ പിന്മാറണമെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതി ഭാരവാഹികള്‍ കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സെപ്റ്റംബര്‍ ഒന്നിനു രാവിലെ 10ന് താലൂക്ക് ഓഫിസ് ധര്‍ണയും ഒപ്പുശേഖരണവും നടത്തും. പേര് മാറ്റം ആവശ്യപ്പെട്ട് ചിലര്‍ വകുപ്പ് മന്ത്രിക്കു നല്കിയ നിവേദനം അതീവ ഗൗരവത്തിലെടുത്തതിന്റെ ഫലമായാണ് തുളുനാടെന്നാക്കിമാറ്റാനുള്ള നീക്കം നടന്നുവരുന്നത്. നീക്കത്തില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറിയില്ലെങ്കില് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇതിടയാക്കുമെന്നും താലൂക്കിലെ ജനസംഖ്യാനുപാധികമായി 58 ശതമാനമുള്ള മലയാളികളുടെ താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനം പിറവിയെടുത്ത് 62 വര്‍ഷം കഴിഞ്ഞിട്ടും മഞ്ചേശ്വരം താലൂക്കില്‍ മലയാളം പഠിപ്പിക്കാത്ത 53 സ്കൂളുകള്‍ നിലനില്‍ക്കേയാണ് പുതിയ നീക്കം.
ധര്‍ണ സാഹിത്യകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നാരായണന് പെരിയ ഉദ്ഘാടനം ചെയ്യും. അതേ സമയം, ജി.എച്ച് എസ്. മംഗല്‍പാടിയില്‍ കന്നട അധ്യാപകനു വേണ്ടിയുള്ള സമരം ശക്തമാക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം.കെ അലി മാസ്റ്റര്‍, അബ്ബാസ് ഓണന്ത, രമണന് മാസ്റ്റര്‍, മഹമൂദ് കൈകമ്പ, ഹമീദ് കോസ് മോസ്, വിനായകന് മാസ്റ്റര്‍, സത്യന് സി. ഉപ്പള, യു.എ. ഖാദര്‍ , എസ്.എം.എ തങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."