ഭൂമിവിണ്ടു കീറിയ കിഴക്കഞ്ചേരി ഉപ്പ്മണ്ണില്‍ സ്ഥിതി ഗുരുതരം
വടക്കഞ്ചേരി: ഭൂമിവിണ്ടു കീറിയ കിഴക്കഞ്ചേരി ഉപ്പ്മണ്ണില്‍ സ്ഥിതി ഗുരുതരം;വീടുകളില്‍ തിരിച്ചെത്തിയവര്‍ വീണ്ടും ബന്ധുവീടുകളിലേക്ക് മാറി.
കഴിഞ്ഞ കാലവര്‍ഷത്തില്‍ മലയോരത്ത് ഭൂമി വിണ്ട് കീറിയതിന്റെ ആശങ്ക തുടരുകയാണ്.ദിനം പ്രതി വിള്ളലിന്റെ വ്യാപ്തി വര്‍ദ്ധിച്ച് വരുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം പെയ്ത മഴയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടെ നിന്നും മാറി താമസിച്ച 27 കുടുംബങ്ങളും വീടുകളില്‍ തിരിച്ചെത്തിയെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ അവര്‍ ബന്ധുവീടുകളിലേക്ക് തന്നെ മടങ്ങി.
കിഴക്കഞ്ചേരി ചെറുകുന്നം വഴി മംഗലംഡാമിലേക്കുള്ള വാഹന ഗതാഗതവും ഇത് വരെ പുനസ്ഥാപിച്ചിട്ടില്ല. ഈ മാസം 16 മുതലാണ് ഇത് വഴി ഗതാഗതം നിരോധിച്ചത്. നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖലയിലേക്ക് ബസ്സുകള്‍ ഉള്‍പ്പെടെ സര്‍വ്വീസ് നടത്താത്തത് ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.കൂടാതെ മാറി താമസിച്ച കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോവാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാവുന്നുണ്ട്.
സംഭവ സ്ഥലത്ത് പി കെ ബിജു എം പി, കെ ഡി പ്രസേനന്‍ എം എല്‍ എ തുടങ്ങിയ ജനപ്രതിനിധികളും റവന്യു ജിയോളജി വകുപ്പും പരിശോധന നടത്തി.കൂടുതല്‍ പരിശോധനക്ക് വേണ്ടി കേന്ദ്ര ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."