അധികൃതരുടെ നിസംഗത; അട്ടപ്പാടിയില്‍ ദുരിതം പേറുന്നത് പതിനായിരങ്ങള്‍
പാലക്കാട്: അട്ടപ്പാടിയില്‍ അധികാരികളുടെ നിസ്സംഗത മൂലം ദുരിതത്തിലാവുന്നത് ആയിരങ്ങള്‍. അട്ടപ്പാടി ചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിനുശേഷം ഇത്തവണ ഉണ്ടായ ചുരം ഇടിച്ചിലില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നതോടെ ഈ പ്രദേശം ഗതാഗതയോഗ്യമല്ലാതായി.
ഇപ്പോള്‍ ചുരത്തിലൂടെ ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. ബസ് സൗകര്യം ഇല്ലാതായതോടെ ദിനംപ്രതി മണ്ണാര്‍ക്കാട് ഭാഗങ്ങളിലേക്ക് എത്താനായി അപകടം പതിയിരിക്കുന്ന മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. കേരളത്തിലെ ആദിവാസികളുടെ ഹൃദയഭൂമിയായ അട്ടപ്പാടിയിലേക്ക് സുഗമമായ യാത്ര എന്ന സ്വപ്നം ഇന്നും കാത്തിരിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ഈ റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ ഇന്നും അധികൃതര്‍ക്കായിട്ടില്ല.
പൊതുമരാമത്തും വനംവകുപ്പും പരസ്പരം കുറ്റപെടുത്തി റോഡിന്റെ വികസനം നഷ്ടപ്പെടുത്തുന്നത് തുടരുന്ന ഈ സാഹചര്യത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും തയ്യാറാവുന്നില്ല. നെല്ലിയാമ്പതിയില്‍ മൂന്നു ദിവസങ്ങള്‍ മാത്രമെടുത്ത് റോഡ് പുനസ്ഥാപിച്ച അധികാരികള്‍ കഴിഞ്ഞ മൂന്നു മാസമായി ഒറ്റപ്പെട്ടുകിടക്കുന്ന അട്ടപ്പാടിയെ തിരിഞ്ഞുനോക്കാന്‍പോലും തയ്യാറാവാത്തതില്‍ വന്‍ ജനപ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
മണ്ണാര്‍ക്കാട് മുതല്‍ ആനക്കട്ടി വരെ ഇപ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ മണിക്കൂറുകള്‍ ആവശ്യമാണ്. പാലക്കാട് വരുന്നവര്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ വഴിയാണ് സഞ്ചരിക്കുന്നത്. ചുരം ഇടിഞ്ഞതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുതന്നെയാണ് നടക്കുന്നത്. ഇന്നുമുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്നതോടെ എങ്ങനെ അട്ടപ്പാടിയില്‍ എത്തുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. അട്ടപ്പാടിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി ഇവിടെ എത്താനാവില്ല. അട്ടപ്പാടിയിലെ മറ്റ് വികസന കാര്യങ്ങളില്‍ സജീവ ശ്രദ്ധയുള്ള സര്‍ക്കാര്‍ ഇങ്ങോട്ടുള്ള റോഡിന്റെ കാര്യത്തില്‍ തുടരുന്ന സമീപനത്തിനെതിരെ വ്യാപകമായ അമര്‍ഷമാണ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."