ടോട്ടനം ഃ അയാക്‌സ്
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ സെമി ഫൈനല്‍ ഇന്ന് ലണ്ടനില്‍ നടക്കും. ടോട്ടനത്തില്‍ ഹോം ഗ്രൗണ്ടില്‍ ഇന്ന് യുവരക്തങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും ആദ്യ സെമിയില്‍ അരങ്ങേറുക. മുന്നിലുണ്ടായിരുന്ന ഏറ്റവും കരുത്തരായ എതിരാളികളെ തകര്‍ത്തെറിഞ്ഞാണ് ഇരു ടീമുകളും സെമി ഫൈനലിലെത്തിയിട്ടുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ്, ക്വാര്‍ട്ടറില്‍ യുവന്റസ് തുടങ്ങിയ കരുത്തരെ അവരുടെ ഗ്രൗണ്ടില്‍ പോയി തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസം അയാക്‌സിന് ആവോളമുണ്ട്. അതാണ് അവരുടെ കരുത്തും.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ എല്ലാ മത്സരത്തിലും അയാക്‌സിന്റെ യുവനിര സമ്മര്‍ദമില്ലാതെയായിരുന്നു കളിച്ചത്. ഇതായിരുന്നു അയാക്‌സിന് മികച്ച റിസല്‍ട്ട് ലഭിക്കാന്‍ കാരണമായത്. അയാക്‌സിന്റെ കളി മെനയുന്ന ടീമിന്റെ നട്ടെല്ലായ മാതിസ് ഡിലിറ്റാണ് ടീമിന്റെ തുരുപ്പ് ചീട്ട്. എതിര്‍ പോസ്റ്റിലേക്ക് ചാട്ടുളി പോലെ ഓടിക്കയറുന്ന മുന്നേറ്റനിരക്ക് പന്തെത്തിക്കാനും പ്രതിരോധം വേണ്ട സ്ഥലത്ത് പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കാനും ഡിലിറ്റിന് മികച്ച കഴിവുണ്ട്. മുന്നേറ്റ താരങ്ങളായ ഡേവിഡ് നരെസ്, ഹകീം സിയെച്ച് എന്നിവരെ തടുക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് ടോട്ടനം.
യുവന്റസിന്റെയും റയലിന്റെയും പ്രതിരോധനിര ഈ താരങ്ങളെ പൂട്ടുന്നതില്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ ഡച്ച് ലീഗില്‍ മാസ്മരിക പ്രകടനം നടത്തുന്ന സിയെച്ചിന്റെ കാലുകള്‍ക്ക് കൂച്ചുവിലങ്ങിട്ടാല്‍ മാത്രമേ ടോട്ടനത്തിന്റെ പദ്ധതികള്‍ ഇന്ന് വിജയിക്കുകയുള്ളു. ഇന്ന് രാത്രി നടക്കുന്ന സെമി ഫൈനലില്‍ ആവുന്നതെല്ലാം ചെയ്യാന്‍ വേണ്ടി ഡച്ച് ലീഗിലെ മത്സരങ്ങള്‍ പോലും മാറ്റിവച്ചാണ് അയാക്‌സ് വരുന്നത്.
ഡച്ച് ഫുട്‌ബോള്‍ ലീഗ് അധികൃതരാണ് ചാംപ്യന്‍സ് ലീഗ് പ്രമാണിച്ച് അയാക്‌സിന്റെ മത്സരങ്ങള്‍ മാറ്റി നല്‍കിയത്. മുന്‍നിര താരങ്ങളെല്ലാം ടീമിലുണ്ടെന്നതും ആരും പരുക്കിന്റെ പിടിയിലല്ലെന്നതും അയാക്‌സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം, ടോട്ടനം ഇത്തിരി കഷ്ടത്തിലാണ്. മുന്നില്‍ നിന്ന് നയിക്കേണ്ട നായകന്‍ ഹാരി കെയ്‌നിന്റെ അഭാവം ടോട്ടനത്തിന് തിരിച്ചടിയാകും. പ്രീമിയര്‍ ലീഗില്‍ അവസാന മത്സരത്തില്‍ വെസ്റ്റ് ഹാമിനോട് സ്വന്തം ഗ്രൗണ്ടിലേറ്റ തോല്‍വിയുടെ ചെറിയൊരു ആഘാതവും ടോട്ടനത്തിനുണ്ട്.
ഗ്രോയിന്‍ ഇഞ്ചുറിയെ തുടര്‍ന്ന് പുറത്തുള്ള ഹാരി വിങ്ക്‌സ്, എറിക് ലമേല, സെര്‍ജി ഓറിയര്‍ എന്നിവരും പരുക്കിന്റെ പിടിയിലാണ്. അതേസമയം, പരുക്കിന്റെ പിടിയിലായിരുന്ന ഫ്രഞ്ച് താരം സിസ്സോക്കോ മൂസ പരുക്ക് മാറി ടീമില്‍ തിരിച്ചെത്തിയേക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടത്തിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ പിറകിലാക്കിയാണ് ടോട്ടനം ചാംപ്യന്‍സ് ലീഗിന്റെ അവസാന നാലിലെത്തിയത്. ഇരു ടീമുകളും രണ്ട് തവണ മാത്രമാണ് ഇതു വരെ നേര്‍ക്കുനേര്‍ മത്സരിച്ചിട്ടുള്ളത്. ഇത് രണ്ടും 1981ലായിരുന്നു.
മത്സരിച്ച രണ്ട് തവണയും ജയം ടോട്ടനത്തിനൊപ്പമായിരുന്നു. ടോട്ടനത്തിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ടെങ്കിലും മുന്‍വിധികള്‍ക്കും ധാരണകള്‍ക്കും പുല്ലുവില കല്‍പ്പിക്കുന്ന അയാക്‌സിന് മുമ്പില്‍ ആരും തടസമല്ലാ എന്നാണ് അവരുടെ വിശ്വാസം.
കാരണം കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായിരുന്ന റയല്‍മാഡ്രിഡ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് എന്നിവരെയാണ് അയാക്‌സ് വകഞ്ഞുമാറ്റിയിട്ടുള്ളത്. മികച്ച ഫോമിലുള്ള കൊറിയന്‍ താരം സണ്‍ ഇന്നത്തെ മത്സരത്തിനില്ലാ എന്നത് ടോട്ടനത്തിന് പ്രശ്‌നം സൃഷ്ടിക്കും. ഹസന്‍ ബന്ധെ, കാറല്‍ ഇറ്റിങ്, നൗസൈര്‍ എന്നിവര്‍ അയാക്‌സ് നിരയിലും ഉണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."