കെ.എസ്.ആര്‍.ടി.സി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍
തിരുവനന്തപുരം: പ്രളയദുരിതം വരുത്തിയ നഷ്ടത്തില്‍ കുഴങ്ങുന്ന കെ.എസ്.ആര്‍.ടി.സി അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. ഈ സാഹചര്യത്തില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റു പോംവഴിയില്ലെന്ന അവസ്ഥയാണ്.
ഡീസല്‍ വാങ്ങിയ വകയില്‍ ഇതുവരെ 185 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ട്. ടയര്‍ ഉള്‍പ്പെടെയുള്ള സ്‌പെയര്‍പാട്‌സുകള്‍ വാങ്ങിയ വകയില്‍ വിവിധ കമ്പനികള്‍ക്കായി 22 കോടിയും കൊടുക്കാനുണ്ട്. പ്രതിദിനം ഡീസലിനായി 3.5 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമുണ്ട്. കൂടുതല്‍ തുകക്ക് ഡീസല്‍ കടമായി നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയല്ലാതെ കെ.എസ്.ആര്‍.ടി.സിക്കു മുന്നില്‍ മറ്റു പോംവഴികളില്ല.
പ്രളയദിനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിട്ടുനല്‍കിയതിലൂടെ 86 കോടി ചെലവായി. പ്രളയത്തില്‍ വര്‍ക് ഷോപ്പുകളും ഡിപ്പോകളും തകര്‍ന്നതിലൂടെയുള്ള നഷ്ടം 27 കോടിയുമാണ്. പ്രളയ ദുരന്തത്തില്‍നിന്നും കരകയറുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പണമോ, കൂടുതല്‍ ധനസഹായമോ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അനുവദിക്കാനും ഇടയില്ല. ഇതെല്ലാം കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയേയുള്ളൂ.
ഇതിനിടെ 29ന് ഏഴ് കോടിയിലധികം രൂപയുടെ വരുമാനമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കായി. ഈ ദിവസം 7,33,56,269 രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയതെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."