തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു തുടക്കമായി; കുട്ടനാട്ടില്‍ ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ കളത്തിലിറങ്ങി സ്ഥാനാര്‍ഥികള്‍
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച കുട്ടനാട്ടില്‍ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ തന്നെ അങ്കത്തിന് ഒരുങ്ങി സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങി.
കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പ് ഇരുമുന്നണികളിലും സ്ഥാനാര്‍ഥി പ്രഖ്യാപനം അനിശ്ചത്വത്തിലാക്കിയെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള യോഗങ്ങള്‍ക്ക് പ്രാദേശികമായി തുടക്കം കുറിച്ചു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഉപതെരഞ്ഞെടുപ്പു കൂടി വരുന്നത് ഗുണകരമായി മാറുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.
കേരള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നു ചേരുന്ന യു.ഡി.എഫ് സംസ്ഥാനസമിതിയാണ് കൈക്കൊള്ളുന്നത്. കുട്ടനാട് സീറ്റില്‍ നേരത്തെ മുതല്‍ മല്‍സരിക്കുന്നത് പി.ജെ.ജോസഫ് വിഭാഗം ആയതിനാല്‍ ജോസഫിന് തന്നെ യു.ഡി.എഫില്‍ സീറ്റ് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. 2016ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കേരള കോണ്‍ഗ്രസിലെ അഡ്വ. ജേക്കബ് എബ്രഹാമിനെ തന്നെയാണ് പി.ജെ ജോസഫ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തവണ കൂടുതല്‍ അനുകൂല സാഹചര്യം തനിക്ക് ഉണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് ജേക്കബ് എബ്രഹാം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഞായറാഴ്ച മുതല്‍ മണ്ഡലത്തില്‍ ആരംഭിച്ചു.
ജോസ് കെ. മാണിയുടെ മുന്നണിയിലേക്കുള്ള വരവ് ഭീഷണിയായി നില്‍ക്കുന്നതിനാല്‍ എന്‍.സി.പി മുന്‍ എം.എല്‍.എ തോമസ് കെ. തോമസിനെ തന്നെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടതുമുന്നണി യോഗം 18 നാണ് ചേരുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ മാത്രമേ പരസ്യപ്രചരണം ആരംഭിക്കുകയുള്ളുവെന്നു പറയുന്നുണ്ടെങ്കിലും തോമസ് കെ തോമസ് മണ്ഡലത്തിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തോമസ് ചാണ്ടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തനിക്ക് ഗുണകരമാകുമെന്നാണ് തോമസ് കെ തോമസ് പറയുന്നത്. കുട്ടനാട് എം.എല്‍.എ ഓഫിസില്‍ ചേര്‍ന്ന യോഗം അനൗപചാരികമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബി.ഡി.ജെ.എസ് വിമത നേതാവ് സുഭാഷ് വാസുവിനെ ബി.ജെ.പി നേതൃത്വം തള്ളിയതോടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടന്നു. ബി.ഡി.ജെ.എസ്- ബി.ജെ.പി നേതാക്കളുടെ സംയുക്തയോഗങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു.
ഭരണത്തിന്റെ വിലയിരുത്തലായി ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഭരണപക്ഷവും പ്രതിപക്ഷവും വിജയപ്രതീക്ഷയിലാണ്. 13 ഗ്രാമപഞ്ചായത്തുകള്‍ ചേരുന്ന കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ എട്ടു പഞ്ചായത്ത് എല്‍.ഡി.എഫും അഞ്ച് പഞ്ചായത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."