കുടുംബശ്രീ: കോര്‍പറേഷന്‍ യോഗത്തില്‍ സി.പി.എം-സി.പി.ഐ വാക്‌പോര്
കൊല്ലം: ഇന്നലെ നടന്ന കോര്‍പറേഷന്‍ യോഗത്തില്‍ കുടുംബശ്രീ വിഷയത്തിന്മേല്‍ നടന്ന ചര്‍ച്ച സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള വാക്‌പോരില്‍ കലാശിച്ചു. സി.പി.ഐയിലെ മുന്‍ മേയര്‍ ഹണിയും സി.പി.എമ്മിലെ നിലവിലത്തെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരിയുമാണ് കൊമ്പുകോര്‍ത്തത്.
കുടുംബശ്രീ ജനവിരുദ്ധതയുടെ പര്യായമായി മാറിയെന്നും കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും മേയര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹണി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നിരന്തരം ആരോപിച്ചിട്ടുള്ള വിഷയമാണ് ഹണി കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ഹണിയുടെ ആവശ്യത്തോട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൈയ്യടിയോടെ പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ മറുപടി പ്രസംഗത്തില്‍ ചെയര്‍പേഴ്‌സണ്‍ മുന്‍മേയര്‍ക്കെതിരേ ആഞ്ഞടിച്ചു. ഹണിയുടെ ഭരണകാലത്ത് നടന്ന അഴിമതികള്‍ ഗീതാകുമാരി അക്കമിട്ട് നിരത്തി.അഴിമതി നടന്നുവെങ്കില്‍ അന്നത്തെ മേയറായിരുന്ന ഹണി എന്തുകൊണ്ട് ഇടപെട്ടില്ലെന്നും അവര്‍ ചോദിച്ചു. ഇത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി.
വിഴുപ്പലക്കലിന്റെ സീമകള്‍ ഇരുവരും ലംഘിച്ചതോടെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ഡെ.മേയറും മേയറും ശക്തമായി ഇടപെട്ടു. തുടര്‍ന്നാണ് ഇരുവരും ശാന്തരായത്. കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നും അഴിമതി വ്യാപകമാണെന്നും യു.ഡി.എഫ് നാളുകളായി നടത്തിയിട്ടുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കുടുബശ്രീ ഒരു വിഭാഗം സ്ത്രീകളുടെ കുടുംബസ്വത്തായി കാണുന്നുവെന്നും രക്ഷാധികാരിയായ കൗണ്‍സിലര്‍മാരെ അംഗീകരിക്കാതെ ജനവിരുദ്ധഭരണമാണ് നടക്കുന്നതെന്നും അഡ്വ എം.എസ് ഗോപകുമാര്‍ ആരോപിച്ചു. എല്‍.ഡി.എഫ്-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംയുക്തമായി കുടുബശ്രീ ഓഫീസ് താഴിട്ടുപൂട്ടേണ്ടിവരുമെന്നും തുടര്‍ന്ന് സംസാരിച്ച അജിത്ത്കുമാര്‍ മുന്നറിയിപ്പ് നല്‍കി.
തെരുവ് വിളക്കും മാലിന്യ സംസ്‌ക്കരണവും എങ്ങും എത്താതെ നീറുകയാണെന്നും മാലിന്യ സംസ്‌ക്കരണത്തിന് രൂപരേഖ ഉണ്ടാകണമെന്നും യു.ഡി.എഫ് പാര്‍ലമെന്ററിപാര്‍ട്ടി നേതാവ് എ കെ. ഹഫീസ് പറഞ്ഞു. എല്‍ .ഇ .ഡി വിളക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച് കോര്‍പ്പറേഷനില്‍ കടുത്ത വിവേചനമാണ് നടക്കുന്നതെന്ന് വ്യാപക പരാതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറുപടി പറഞ്ഞ ചെയര്‍മാന്‍മാരും ഡെ.മേയറും കുടുംബശ്രീയിലെ ജനവിരുദ്ധനിലപാടുകളെ കുറിച്ചു സംസാരിച്ചു. ജനപ്രതിനിധിയായ കൗണ്‍സിലര്‍മാരാണ് കുടുംബശ്രീയുടെ രക്ഷാധികാരിയെന്നും കൗണ്‍സിലറെ ധിക്കരിച്ച് ഏതെങ്കിലും കുടുംബശ്രീകള്‍ പ്രവര്‍ത്തിച്ചാല്‍ കനത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും മേയര്‍ വി രാജേന്ദ്രബാബു മുന്നറിയിപ്പ് നല്‍കി.
തങ്കശ്ശേരി മാര്‍ക്കറ്റ്, സീവേജ് പദ്ധതി, പിഎംആര്‍വൈ,കുരീപ്പുഴ കോളനി നവീകരണം, സാമൂഹ്യ പെന്‍ഷനുകള്‍, ടൗണ്‍ ഹാള്‍, ക്യു എസ് എസ് കോളനി, കപ്പല്‍, തെരുവ് വിളക്ക്, ബസ്‌ബേ, തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചക്കുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."