മാനം കറുത്താല്‍ ആമിനയുടെ മനസില്‍ തീമഴ: വീടിന് ചുറ്റും മണ്ണിടിയുന്ന ഭീതിയില്‍ കുടുബം
വടക്കാഞ്ചേരി: മഹാപ്രളയം വിതച്ച ദുരിതത്തിന്റെ തീരാവേദനയിലാണ് നിത്യരോഗിയും വയോധികയുമായ ആമിന. പെരുമഴ ഉള്ള വീടു പോലും തകര്‍ക്കുന്ന സ്ഥിതിയെത്തിയതോടെ ദുര്‍വിധിയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയല്ലാതെ ഒരു മാര്‍ഗവുമില്ല ഈ 7 7 കാരിയ്ക്ക് .
ഭര്‍ത്താവിന്റെ മരണത്തോടെ മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുക്കേണ്ടി വന്നു. കൂലി പണി ചെയ്തായിരുന്നു കുടുംബത്തിന്റെ സംരക്ഷണം. മൂന്ന് പെണ്‍മക്കളടക്കം നാല് പേര്‍ രോഗികള്‍ . ആയിഷ (59), സുബൈദ (51) എന്നിവര്‍ക്ക് കണ്ണിന് കാഴ്ച്ച ശക്തി കുറവ്. മറ്റൊരു മകള്‍ ഹാജിറയും (47 ) മകന്‍ സുലൈമാനും ( 50) ബധിരരും മൂകരുമാണ്. ഓട്ടോ ഡ്രൈവറായ മകന്‍ അബ്ദുള്‍ റഹ്മാന് ലഭിയ്ക്കുന്ന തുച്ഛമായ വരുമാനമാണ് ഏക ജീവിതമാര്‍ഗം. ആകെ നാല് സെന്റ് സ്ഥലമാണ് ഈ കുടുംബത്തിന്റെ ഭൂസ്വത്ത്. അതില്‍ ഒരു കൊച്ചു കൂരയില്‍ ഒതുങ്ങുന്നു ഇവരുടെ ലോകം. ഈ വീടാണ് പ്രളയം പാതി കവര്‍ന്നത്. ഉയരത്തിലുള്ള വീടിന്റെ ചുറ്റും മണ്ണിടിഞ്ഞ് വീണ്. വീടിന്റെ തറയോട് ചേര്‍ന്ന് വരെ ഇടിച്ചിലെത്തി. പ്രളയ നാളുകളില്‍ ജനപ്രതിനിധികളും നാട്ടുകാരുമെത്തി ഇവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുവീട്ടിലേയ്ക്ക് താമസം മാറ്റിയ കുടുംബം ഇപ്പോള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. തങ്ങളുടെ ദുരിതത്തിനും ദുരന്തമുഖത്തെ ജീവിതത്തിനും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഈ കുടുംബം പരിതപിക്കുന്നു. ഇനിയൊരു മഴ താങ്ങാനാവില്ല ഇവര്‍ താമസിയ്ക്കുന്ന ഉയരത്തിലെ ഭൂമിയ്ക്കും ദുര്‍ബലാവസ്ഥയിലായ വീടിനും. അതു കൊണ്ടു തന്നെ മാനം കറുത്താല്‍ ആമിനയുടെ മനസില്‍ തീമഴയാണ്. തന്റെ നിസഹായരായ മക്കളേയും കൊണ്ട് എങ്ങോട്ട് പോകുമെന്ന് ചോദിച്ച് ഈ വയോധിക വിലപിക്കുമ്പോള്‍ ഒരു മറുപടിയും നല്‍കാനാവുന്നില്ല അധികൃതര്‍ക്ക്. തങ്ങളെ രക്ഷിയ്ക്കാനും സുരക്ഷിത ജീവിതം ഉറപ്പാക്കാനും ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയും ഈ കുടുംബം വച്ചു പുലര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."