മേലാറ്റൂരിന്റെ തേങ്ങലായി ഷെഹീന്‍; ജന്മനാട് കണ്ണീരോടെ വിടനല്‍കി
പെരിന്തല്‍മണ്ണ: കളിച്ചിരി വിട്ടൊഴിയും മുന്‍േപ കേട്ടവരുടെയെല്ലാം ഹൃദയം നടുക്കിയ ക്രൂരകൃത്യത്തിനിരയായി, കലിതുള്ളിയ കടലുണ്ടിപുഴയുടെ ആഴങ്ങളില്‍ മുങ്ങിത്താഴ്ന്ന മേലാറ്റൂരിലെ ഒന്‍പതുകാരന് കണ്ണീരോടെ യാത്രാമൊഴി.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിന് സ്വന്തം പിതൃസഹോദരന്‍ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ എടയാറ്റൂര്‍ മങ്കരത്തൊടി സലീമിന്റെ മകന്‍ മുഹമ്മദ് ഷെഹീനാണ് നാടിന്റെ കണ്ണീരണിഞ്ഞ നൊമ്പരം ഏറ്റുവാങ്ങി യാത്രയായത്. കോഴിക്കോട് മെഡിക്കല്‍കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകീട്ടോടെ മയ്യിത്ത് മേലാറ്റൂര്‍ എടയാറ്റൂരിലെത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്.
ഷെഹീന്റെ തിരോധാനത്തെ തുടര്‍ന്ന് കഴിഞ്ഞ 16 ദിവസത്തോളമായി സങ്കടം ഉള്ളിലൊതുക്കിപിടിച്ചുനിന്ന നാട്ടുകാര്‍ക്കിടയിലേക്ക് കുഞ്ഞുഷെഹീന്റെ ചേതനയറ്റ ശരീരമെത്തിയപ്പോള്‍ പലരും വേദനകടിച്ചമര്‍ത്തി വിതുമ്പി. സ്‌കൂള്‍വിട്ടു തിരിച്ചെത്തുമെന്ന് നിനച്ച പൊന്നുമോന്റെ വിറങ്ങലിച്ച ശരീരം കണ്ട് എട്ടുമാസം ഗര്‍ഭിണിയായ മാതാവ് ഹസീനയും സഹോദരനും തേങ്ങലടക്കാനാകാതെ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല. അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനുംമറ്റുമായി എടയാറ്റൂര്‍ ഗ്രാമം ഒന്നാകെ ഒഴുകിയെത്തിയിരുന്നു. മയ്യിത്ത് എത്തുന്നതിന് മുന്‍പുതന്നെ വീടുംപരിസരവും ജനനിബിഢമായി.
പതിവുപോലെ സ്‌കൂളിലേക്കായി വീട്ടില്‍നിന്നിറങ്ങിയ മുഹമ്മദ് ഷഹീനെ കഴിഞ്ഞ 13മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബലിപെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങള്‍ മാറ്റിവച്ച് ഊണും ഉറക്കവുമൊഴിച്ച് അന്വേഷിക്കുകയായിരുന്നു മേലാറ്റൂര്‍കാര്‍. അപ്പോഴും കളിചിരികളുമായി അവന്‍ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയില്‍ തന്നെയായിരുന്നു അവര്‍.
ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഷെഹീന്റെ വിറങ്ങലിച്ച ശരീരം പുഴയോരത്തെ മുളങ്കൂട്ടത്തില്‍നിന്നാണ് കണ്ടെടുത്തത്. മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍നിന്നു ഒരുകിലോമീറ്റര്‍ അകലെ പടിഞ്ഞാര്‍മണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിനുതാഴെയായി പുഴയില്‍ പൊങ്ങിക്കടക്കുന്ന നിലയിലായിരുന്നു മയ്യിത്ത്.
കടവിന് സമീപത്തുള്ളവര്‍ മലപ്പുറം പൊലിസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്കൊടുവില്‍ അത് ഷെഹീന്റെതു തന്നെയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മുഹമ്മദ് വാങ്ങിനല്‍കിയ പുതിയ വസ്ത്രത്തില്‍ തന്നെയാണ് മൃതദേഹമുണ്ടായിരുന്നത്. സ്‌കൂള്‍ യൂനിഫോമിന്റെ പാന്റും പാദരക്ഷകളും മറ്റും രക്ഷിതാക്കളും അധ്യാപകരും തിരിച്ചറിയുകയും ചെയ്തപ്പോള്‍ സാങ്കേതിക തെളിവുകള്‍ക്കായി ഡി.എന്‍.എ പരിശോധനയും നടത്തി.
ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ങളുടെ പ്രിയ സഹപാഠിക്ക് യാത്രാമൊഴിയേകാന്‍ ഇന്നലെ സ്‌കൂളിന് അവധിയായിരുന്നിട്ടുപോലും എടയാറ്റൂര്‍ ഡി.എന്‍.എ യു.പി സ്‌കൂളിലെയും ഷെഹീന്‍ രണ്ടാം ക്ലാസ് വരെ പഠിച്ച ചോലക്കുളം ജേക്കബ് മെമ്മോറിയല്‍ സ്‌കൂളിലെയും അധ്യാപകരും വിദ്യാര്‍ഥികളുമെത്തി. എല്ലാവരോടും ഹൃദ്യമായി ഇടപഴകിയിരുന്ന പ്രിയസുഹൃത്ത് ഷെഹീന്റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികള്‍ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു.
മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് 5:30ഓടെ മേലാറ്റൂര്‍ എടയാറ്റൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വീട്ടില്‍ നടന്ന പ്രാര്‍ഥനക്ക് പാണക്കാട് മുഈനലി ശിഹാബ്തങ്ങളും ജനാസ നിസ്‌കാരത്തിന് സ്വാബിഖലി തങ്ങളും നേതൃത്വം നല്‍കി.
വിതുമ്പലായി വിദ്യാലയമുറ്റം
പെരിന്തല്‍മണ്ണ: പ്രളയം തീര്‍ത്ത ദുരിതങ്ങള്‍ക്കുശേഷം ഓണാവധി കഴിഞ്ഞ് എടയാറ്റൂര്‍ ഡി.എന്‍.എം.എ.യു.പി സ്‌കൂള്‍ തുറന്നപ്പോള്‍ സ്‌കൂള്‍ മുറ്റവും വരാന്തയും ക്ലാസ്മുറികളുമെല്ലാം നാലാംക്ലാസ് വിദ്യാര്‍ഥി ഷഹീന്റെ ഓര്‍മയില്‍ നിശബ്ദമായി.
ബുധനാഴ്ച വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിലെത്തിയെങ്കിലും സങ്കടം ഉള്ളിലൊതുക്കാനായില്ല. അവനെ കാണാതായതു മുതല്‍ വീട്ടുകാര്‍ക്കൊപ്പം കൂട്ടുകാരും ആധിയിലായിരുന്നു. 13ന് രാവിലെ യൂനിഫോമിട്ട് സൈക്കിളില്‍ സ്‌കൂളിലേക്കിറങ്ങിയ ഒന്‍പതുവയസുകാരന്‍ മുഹമ്മദ്ഷഹീനെ പത്തേകാലോടെയാണ് കാണാതായത്.
തോരാതെപെയ്ത മഴയെത്തുടര്‍ന്ന് സ്‌കൂള്‍ നീണ്ട അവധിയിലേക്ക് പ്രവേശിച്ചതോടെ കാണാതായ കൂട്ടുകാരന്‍ സ്‌കൂള്‍ തുറക്കുമ്പോഴേക്കും തിരിച്ചെത്തുന്നമെന്ന പ്രതീക്ഷയിലായിരുന്നു സഹപാഠികള്‍. എന്നാല്‍, പിന്നീട് പിതാവിന്റെ ജ്യേഷ്ഠന്‍ ഷഹീനെ പുഴയിലെറിഞ്ഞു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഏവരും അറിയുന്നത്. കളിചിരിയുടെ പ്രായം മാറാത്ത ഷഹീന്‍ നാലാംതരം ബി ക്ലാസിലെ വിദ്യാര്‍ഥിയാണ്. പഠനത്തിലും മറ്റും ഷഹീന്‍ മുന്‍പന്തിയിലാണെന്ന് കൂട്ടുകാരും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. സഹപാഠിയുടെ ദാരുണാന്ത്യത്തിന്റെ ആഘാതത്തില്‍നിന്നു മുക്തരാകാത്ത വിദ്യാര്‍ഥികള്‍ക്കായി മുഴുവന്‍ ക്ലാസുകളിലും ബുധനാഴ്ച പ്രത്യേക ബോധവല്‍ക്കരണം നടത്തി. ഷെഹീന്റെ ക്ലാസില്‍ പലതവണ അധ്യാപകര്‍ കയറിയിറങ്ങി ആശ്വാസവും ചൊരിഞ്ഞു. പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുത്തദിവസങ്ങളില്‍ ഇവര്‍ക്ക് കൗണ്‍സിലിങും നല്‍കും. ഷെഹീനോടുള്ള ആദരസൂചകമായി ഇന്നലെ സ്‌കൂളിന് അവധി നല്‍കിപ്പോള്‍ എടയാറ്റൂരിലെ ഹിദായത്തുല്‍ ഇസ്‌ലാം കേന്ദ്രമദ്‌റസയില്‍ അവനായി പ്രാര്‍ഥന നടത്തി നേരത്തെ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."