ഭീതിവിതച്ച് ഭൂമി വിണ്ടുകീറല്‍
ഇരിട്ടി: പേമാരി ഒഴിഞ്ഞെങ്കിലും കീഴൂരിലെ 25ഓളം കുടുംബങ്ങള്‍ ആശങ്കയുടെ മുള്‍മുനയില്‍. കീഴൂര്‍ പ്രിയദര്‍ശിനി റോഡിലെ ചെക്കിക്കുന്നിന് താഴെ താമസിക്കുന്നവരാണ് വിണ്ടുകീറിയ കുന്ന് ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന ഭയത്തില്‍ ആശങ്കയോടെ കഴിയുന്നത്. പ്രദേശത്ത് അപകടാവസ്ഥയിലായ വീടിനു സമീപത്തെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കാന്‍ തുടങ്ങി. കനത്തമഴയില്‍ ചക്കിക്കുന്നിലെ രണ്ട് ഏക്കറിലധികം വരുന്ന പ്രദേശത്തെ ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. പല സ്ഥലങ്ങളും ഒരാള്‍ പൊക്കത്തില്‍ കുന്നിടിഞ്ഞ് വിണ്ടുകീറിയിട്ടുണ്ട്. ഇവിടെയുള്ള പത്തോളം റബര്‍ മരങ്ങള്‍ കടപുഴകി വീണു. കൂറ്റന്‍ പാറക്കല്ലുകളും ഇളകി നില്‍ക്കുകയാണ്.
കക്കറ രാജന്, കാപ്പി മുസ്തഫ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. കുന്നിനോട് ചേര്‍ന്നുകിടക്കുന്ന തറാല് അസ്മയുടെ വീട് ഒരാഴ്ച മുന്‍പ് മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലാണ്. മാസങ്ങള്‍ക്കു മുന്‍പ് മാത്രം പണികഴിപ്പിച്ച വീട് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അസ്മയെയും കുടുംബത്തെയും ഇവിടെനിന്നു മാറ്റി.
മഴ മാറിയ സാഹചര്യത്തില്‍ നിരവധി കുടുംബങ്ങള്‍ ഇവിടെ തുടരുന്നുണ്ടെങ്കിലും വിണ്ടുകീറിയ ഭൂമി അതേപടി നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. എത്രയും പെട്ടെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ ഇവിടം സന്ദര്‍ശിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."