അനില്‍ അക്കരയുടെ ലക്ഷ്യം പൊതുജനശ്രദ്ധ നേടല്‍: സി.പി.എം
തൃശൂര്‍: സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പത്രത്താളുകളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള ശ്രമമാണ് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര നടത്തുന്നതെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് അനില്‍ അക്കരയുടെ താത്പര്യങ്ങളൊന്നും നടന്നിട്ടില്ല. ഈ കൊതിക്കെറുവാണ് ഓരോ ദിവസവും പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള കാരണമെന്നും അദ്ദേഹം 'സുപ്രഭാത'ത്തോട് പറഞ്ഞു. മന്ത്രി എ.സി മൊയ്തീനും സി.പി.എമ്മും പണം വാങ്ങിയെന്ന് പറയുന്ന എം.എല്‍.എ തെളിവുകള്‍ പുറത്തു വിടാന്‍ തയാറാകണം.
ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മാത്രം പറഞ്ഞു രക്ഷപ്പെടാന്‍ കഴിയില്ല. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനില്‍ അക്കര തയാറായില്ലെങ്കില്‍ ജനം അദ്ദേഹത്തെ ഒറ്റപ്പെടുത്തും. കള്ളപ്രചാരണങ്ങള്‍ തുടരാനാണ് നീക്കമെങ്കില്‍ വടക്കാഞ്ചേരിയിലെ ജനങ്ങള്‍ക്ക് അനില്‍ അക്കരയെ ബഹിഷ്‌കരിക്കേണ്ടിവരും. പാര്‍ട്ടി അതിനായി ജനങ്ങളെ അണിനിരത്തും. ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വഴി പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നത്തെയാണ് എം.എല്‍.എ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
നന്മ ചെയ്യുന്ന സര്‍ക്കാരിനെ തിന്‍മ കൊണ്ട് തടയാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അനില്‍ അക്കരയെ സാത്താന്റെ സന്തതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ വിശേഷിപ്പിച്ചത്. ഇതിനെ മറ്റു തലത്തില്‍ വ്യാഖ്യാനിച്ച് വീട്ടിലിരിക്കുന്ന അമ്മയെ കൊണ്ട് പോലും പ്രസ്താവന ഇറക്കിക്കാന്‍ എം.എല്‍.എ തയാറായത് ഗതികേട് കൊണ്ടാണ്.
നാലുവര്‍ഷമായി വടക്കാഞ്ചേരി മണ്ഡലത്തില്‍ ഒരു വികസനപ്രവര്‍ത്തനവും നടത്താന്‍ അനില്‍ അക്കരയ്ക്ക് കഴിഞ്ഞിട്ടില്ല. കേവലം 43 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച വ്യക്തിയാണ് അനില്‍. ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍നിന്ന് ആയിരക്കണക്കിന് വോട്ടുനേടി വിജയിച്ച എല്‍.ഡി.എഫ് എം.എല്‍.എമാരെല്ലാം അവരവരുടെ മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ ഒരു വികസനപ്രവര്‍ത്തനവും നടത്താത്തതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് അനില്‍ അപവാദ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.നിര്‍മാണകാലാവധിക്കുമുന്നേ നിര്‍മാണം പൂര്‍ത്തീകരിച്ച പുഴയ്ക്കല്‍ പാലവും സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുത്ത് മണ്ഡലത്തില്‍ നടപ്പാക്കുന്ന മറ്റു വികസനപ്രവര്‍ത്തനങ്ങളും ഇകഴ്ത്തി കാണിക്കുകയാണ് അനില്‍ അക്കരയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."