കള്ളവോട്ട്: കൂടുതല്‍ ആരോപണങ്ങളുമായി യു.ഡി.എഫ്
കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി ദൃശ്യങ്ങള്‍ സഹിതം ആരോപണം ഉന്നയിച്ച യു.ഡി.എഫ് കൂടുതല്‍ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി രംഗത്ത്. സി.പിഎമ്മിന് ആധിപത്യമുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ട് നടത്തിയതായും പല ബൂത്തുകളിലും യു.ഡി.എഫിന്റെ ഏജന്റുമാരെ ഭീഷണിപ്പെടുത്തിയതായും നേതാക്കള്‍ വ്യക്തമാക്കി.
ജില്ലയിലെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ വ്യാപകമായ കള്ളവോട്ടാണ് സി.പി.എം നടത്തിയിട്ടുള്ളതെന്നും ഇത് ജനാധിപത്യത്തിന് വിരുദ്ധമായ നിലപാടാണെന്നും യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ കോടോം-ബേളൂര്‍, മടിക്കൈ, കിനാനൂര്‍-കരിന്തളം, കൂട്ടക്കനി, പാക്കം, പനയാല്‍, ബേഡകം, കുറ്റിക്കോല്‍ ഉള്‍പ്പെടെ ഒട്ടനവധി ബൂത്തുകളില്‍ കള്ളവോട്ട് നടന്നതുമായി ബന്ധപ്പെട്ട തെളിവുകള്‍ യു.ഡി.എഫ് ശേഖരിച്ചു വരുകയാണ്.
ജില്ലയിലെ ഒരു ജനപ്രതിനിധിയുടെ മകന്റെ വോട്ടും മറ്റൊരാള്‍ ചെയ്തതായി നേതാക്കള്‍ പറഞ്ഞു. ജനപ്രതിനിധിയുടെ മകന്‍ വോട്ടെടുപ്പ് ദിവസം വിദേശത്തായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ബൂത്തില്‍ യു.ഡി.എഫിന്റെ പോളിങ് ഏജന്റ് രാത്രി പ്രിസൈഡിങ് ഓഫിസറില്‍നിന്ന് ബൂത്തിലിരിക്കാനുള്ള പാസിനുവേണ്ടി സമീപിച്ചപ്പോള്‍ നിങ്ങള്‍ ബൂത്തിലിരിക്കാന്‍ തന്നെയാണോ തീരുമാനമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ചോദിച്ചതായും നേതാക്കള്‍ പറഞ്ഞു.
ജില്ലയില്‍ സി.പി.എമ്മിന് ആധിപത്യമുള്ള മേഖലകളിലെ ബൂത്തുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെയും വ്യാപകമായ കള്ളവോട്ടുകള്‍ നടന്നതായും ബൂത്തില്‍ എതിര്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ പ്രവേശിപ്പിക്കാതിരിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നതായും ഒട്ടനവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നെകിലും ഇതൊന്നും അധികൃതര്‍ ഗൗനിച്ചിരുന്നില്ല.
എന്നാല്‍ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചു യു.ഡി.എഫ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രചാരണ രംഗത്തു ആദ്യം മുന്നിലുണ്ടായിരുന്ന സി.പി.എം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വരവോടെ കടുത്ത മത്സരം നേരിടുകയും ചെയ്തു.
ഇതിനു പുറമെ ഇക്കഴിഞ്ഞ 17 നു കേരളത്തെ നടുക്കിയ പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലപാതകവും സി.പി.എമ്മിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് എങ്ങിനെയും മണ്ഡലം നിലനിര്‍ത്താന്‍ കള്ളവോട്ടുമായി സി.പി.എം രംഗത്തിറങ്ങിയതെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
പ്രശ്‌ന ബാധിത ബൂത്തുകളിലും കള്ളവോട്ട് വ്യാപകമായി നടക്കുന്ന ബൂത്തുകളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കള്ളവോട്ട് തടയാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചില്ലെന്നും യു.ഡിഎഫ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."