റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 5 നകം ഹാജരാക്കണം
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിര്‍ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. ബാബു ഉത്തരവിട്ടു. സെപ്റ്റംബര്‍ 5 നകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ക്കാണ് കോടതി ഉത്തരവ് നല്‍കിയത്.
കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങള്‍, പ്രതികള്‍ കൃത്യത്തിനുപയോഗിച്ച വാള്‍, വെട്ടുകത്തി, പ്രതികള്‍ ധരിച്ച വസ്ത്രങ്ങള്‍, വാടക കാറില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍, കൊല നടന്ന സ്റ്റുഡിയോയില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍, രക്തക്കറ എന്നിവയുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. പ്രതികള്‍ക്കെതിരേ കേസില്‍ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ തെളിയിക്കപ്പെടുന്നത് ഫോറന്‍സിക് ലാബില്‍ നിന്നുള്ള സാക്ഷ്യപത്ര റിപ്പോര്‍ട്ടിലൂടെയാണ്. കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് ജൂലൈ 2നാണ്.
ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാധാരണയായി കെമിക്കല്‍ ലബോറട്ടറി റിപ്പോര്‍ട്ട്, ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് എന്നിവ ലാബില്‍ നിന്ന് മജിസ്‌ട്രേട്ട് കോടതിക്ക് ലഭ്യമായ ശേഷമാണ് കേസ് സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലം മജിസ്‌ട്രേട്ട് കോടതിയില്‍ ലഭ്യമാകും മുമ്പേ ജൂലൈ 31 ന് മജിസ്‌ട്രേട്ട് കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്ത് അയച്ചു.
പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം നിരത്താന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ട വേളയിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അഭാവം ജില്ലാ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 2018 മാര്‍ച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് മടവൂര്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
വിദേശത്ത് ജിംനേഷ്യവും ബിസിനസ് ബന്ധങ്ങളുമുള്ള സത്താര്‍ എന്നയാളിന്റെ ഭാര്യയും നര്‍ത്തകിയുമായ മെറ്റില്‍ഡാ സോളമനും ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മില്‍ പ്രണയത്തിലാവുകയും സത്താറിന്റെ എതിര്‍പ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടര്‍ന്നതാണ് ക്വട്ടേഷന്‍ കൊലയ്ക്ക് കാരണമെന്നാണ് പൊലിസ് വിശദീകരണം.
അബ്ദുള്‍ സത്താര്‍, അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തന്‍സീര്‍, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ്, വള്ളിക്കീഴ്‌സാനു എന്ന സുബാഷ്, ഓച്ചിറ യാസിന്‍, മുളവന എബി ജോണ്‍, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വര്‍ക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിലെ 12 പ്രതികള്‍. ഇതില്‍ 2 മുതല്‍ 6 വരെയുള്ള പ്രതികള്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ജയിലില്‍ കഴിയുകയാണ്. പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."