കലക്ടറെ വിളിച്ചത് 'അണ്ണാ' എന്ന്; രക്ഷാ ദൗത്യ അനുഭവങ്ങള്‍ പങ്കുവെച്ച് കടലിന്റെ മക്കള്‍
തിരുവനന്തപുരം: തിരുവല്ലയില്‍ പ്രളയത്തില്‍പെട്ട നൂറു കണക്കിന് പേരെ പല സമയങ്ങളിലായി രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചപ്പോഴേക്കും വിഴിഞ്ഞത്തു നിന്നുള്ള മത്സ്യ തൊഴിലാളികളായ പനിയടിമയും ഫ്രെഡിയും ജില്ലറും ചേര്‍ന്നുള്ള രക്ഷാ സംഘത്തിന്റെ ഫൈബര്‍ ബോട്ട് കേടായിക്കഴിഞ്ഞിരുന്നു. റോഡില്‍ പൊലിസുകാര്‍ക്കൊപ്പം നിര്‍ദേശങ്ങള്‍ നല്‍കി നിന്ന ആളിനെ നോക്കി ഫ്രെഡി പറഞ്ഞു: 'അണ്ണാ, ഞങ്ങള്‍ക്ക് ഒരു ബോട്ട് തന്നാല്‍ കുറെ പേരെ കൂടി രക്ഷിച്ചു കൊണ്ട് വരാം... ഫ്രെഡി അണ്ണാ എന്ന് വിളിച്ചത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹിനെയായിരുന്നു. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടക്ക് അരക്കൊപ്പം വെള്ളത്തില്‍ പലപ്പോഴും ഇറങ്ങേണ്ടി വന്ന ഫ്രഡിയുടെ വലതു കയ്യില്‍ തേള്‍ കടിച്ചു നീരു വന്നു അപകടകരമായ അവസ്ഥയിലും ആയിരുന്നു. ഇത് കണ്ട കലക്ടര്‍ 'നിങ്ങള്‍ ഇപ്പോള്‍ ഹോസ്പിറ്റലിലേക്ക് പോകൂ, അത് കഴിഞ്ഞാകാം മറ്റു കാര്യങ്ങള്‍' എന്ന് പറഞ്ഞപ്പോള്‍ ഫ്രെഡിയുടെ ഉറച്ച മറുപടി 'അണ്ണാ, എന്റെ ജീവന്‍ നോക്കണ്ട, നിങ്ങള്‍ ബോട്ട് റെഡിയാക്കി തന്നാല്‍ പത്തു പേരെയെങ്കിലും ഇപ്പോള്‍ രക്ഷിക്കാന്‍ എനിക്ക് സാധിക്കും...'എന്നതായിരുന്നു. ആ ഇച്ഛാശക്തിക്കു മുന്നില്‍ ആരാധനയോടെ നിന്ന കലക്ടര്‍ അടുത്ത് നിന്ന പൊലിസിനോട് പറഞ്ഞു 'കൊടുക്ക് സലൂട്ട് '.
അപ്പോഴാണ് മൂന്നംഗ രക്ഷാ സൈന്യത്തിന് മനസ്സിലായത് 'അണ്ണാ'എന്ന് അല്‍പ്പം മുന്‍പ് വിളിച്ചത് ജില്ലാ കലക്ടറെ ആണെന്ന് ! അവര്‍ സോറി പറഞ്ഞെങ്കിലും കലക്ടര്‍ പി.ബി നൂഹ് അതൊന്നും കാര്യമാക്കിയില്ല.' നിങ്ങളുടെ മനസും പ്രവര്‍ത്തിയുമാണ് ഇപ്പോള്‍ മുഖ്യം' എന്ന് അവരോടു പറഞ്ഞ കലക്ടര്‍ ഉടന്‍ തന്നെ ബോട്ട് റെഡിയാക്കി കൊടുത്തു. ഇതിനിടെ തേള്‍ കുത്തിയത് അപകടകരമായപ്പോള്‍ ഫ്രഡി മണ്ണെണ്ണയില്‍ കയ്യും കാലും ഒക്കെ കഴുകിയെടുത്താണ് വീണ്ടും രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടത്.
തിരുവനന്തപുരത്തെ ഏറ്റവും പ്രമുഖ സര്‍ക്കാര്‍ സ്‌കൂളായ തൈക്കാട് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അസംബ്ലി ഹാളിലായിരുന്നു വേദി. പത്തനം തിട്ടയില്‍ രക്ഷാ ദൗത്യത്തിന് വിഴിഞ്ഞത്തു നിന്ന് ഓഗസ്റ്റ് പതിനാറിന് പോയ ആദ്യ ഫൈബര്‍ ബോട്ടിലെ മത്സ്യ തൊഴിലാളി സംഘത്തിന് സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ വെച്ച് രക്ഷാ സംഘ തലവനായ പനിയടിമ സ്വീകരണം ഏറ്റു വാങ്ങി കുട്ടികളോട് അനുഭവം പങ്കിടുമ്പോഴാണ് ഈ അനുഭവം പറഞ്ഞത്. വിഴിഞ്ഞത്തു നിന്ന് ഫിഷറീസ് ഡയറക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സംഘം രക്ഷാ ദൗത്യത്തിന് പത്തനംതിട്ടയിലേക്കു പോയത് .
'രാത്രി ഭക്ഷണം കഴിഞ്ഞു വെളുപ്പിന് രക്ഷാ ദൗത്യത്തിന് ഇറങ്ങിയാല്‍ പിറ്റേന്ന് രാത്രിയിലായിരിക്കും ഞങ്ങള്‍ ഭക്ഷണം പിന്നെ കഴിക്കുക. കുടിക്കാന്‍ വെള്ളം പോലും ഉണ്ടാകില്ല. എങ്കിലും വലിയൊരു രക്ഷാ ദൗത്യത്തിലാണെന്ന അറിവുള്ളതിനാല്‍ ഞങ്ങള്‍ക്ക് വിശപ്പൊന്നും വലിയ പ്രശ്‌നമായി തോന്നിയില്ല. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. പലപ്പോഴും പാമ്പ്, തേള്‍ മറ്റു ഇഴ ജന്തുക്കള്‍ ഒക്കെ ആക്രമിച്ചിരുന്നു. കുത്തൊഴുക്ക്, തോരാ മഴ, വീടുകളുടെ മതിലുകള്‍, കലുങ്കുകള്‍, ഇലക്ട്രിക് കമ്പികള്‍ ഒക്കെ പ്രതി ബന്ധങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതൊന്നും അപ്പോള്‍ കാര്യമാക്കിയില്ല. അത് കൊണ്ട് ഞങ്ങള്‍ മൂവര്‍ സംഘത്തിന് തന്നെ മൂന്ന് ദിവസം കൊണ്ട് അഞ്ഞൂറിലധികം ആള്‍ക്കാരെ സുരക്ഷിത സ്ഥാനത്തു എത്തിക്കാന്‍ ആയി' പനിയടിമ പറഞ്ഞു.
ചില വേദന നിറഞ്ഞ അനുഭവങ്ങളും ഇവര്‍ കുട്ടികളുമായി പങ്കു വെച്ചു.'ചില സ്ഥലങ്ങളില്‍ അപൂര്‍വം ചില ആളുകള്‍ 'നിങ്ങള്‍ താഴ്ന്ന ജാതിക്കാരാണ് ,നിങ്ങളുടെ ബോട്ടില്‍ ഞങ്ങള്‍ കയറില്ല എന്ന് പറഞ്ഞത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ഭക്ഷണ പൊതികളുമായി വളരെ കഷ്ടപ്പെട്ടു ഉള്‍പ്രദേശങ്ങളില്‍ വീടുകളില്‍ എത്തുമ്പോള്‍ 'ബ്രഡും ജാമും വേണം, പ്രത്യേക ബ്രാന്‍ഡിലുള്ള ബിസ്‌ക്കറ്റ് കൊണ്ടുവരണം എന്നൊക്കെ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍'.
കുട്ടികള്‍ക്ക് ഉപദേശം നല്‍കാനും പ്രൈമറി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള രക്ഷാ സംഘം മറന്നില്ല 'നിങ്ങള്‍ ജാതി മത ചിന്തകള്‍ കൂടാതെ എല്ലാവരെയും സ്‌നേഹിക്കണം. എല്ലാ കുട്ടികളും നീന്തല്‍ പഠിക്കണം, എവിടെ അപകടത്തില്‍പെടുന്നവരെ കണ്ടാലും സ്വന്തം കാര്യം നോക്കി മാറി നില്‍ക്കാതെ രക്ഷിക്കാനുള്ള ശ്രമം നടത്തണം. ഇതില്‍ കൂടുതല്‍ ഒന്നും നിങ്ങളെ ഉപദേശിക്കാനുള്ള വിദ്യാഭ്യാസമോ അറിവോ ഞങ്ങള്‍ക്കില്ല'. പനിയടിമ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അതുവരെ നിശബ്ദമായി ഓരോ വാക്കും കേട്ടിരുന്ന ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ വന്‍കരഘോഷമാണ് മുഴക്കിയത്.
ഹെഡ്മാസ്റ്റര്‍ ആര്‍.എസ് സുരേഷ് ബാബു അധ്യക്ഷനായി. അധ്യാപകരായ ജെ.എം റഹിം സ്വാഗതവും എം. ഷാജി നന്ദിയും പറഞ്ഞു. സ്‌കൂള്‍ ലീഡര്‍മാരായ വിദ്യാര്‍ഥികള്‍ പ്രത്യേക ഷാള്‍ അണിയിച്ചു മത്സ്യതൊഴിലാളികളെ ആദരിച്ചു. മോഡല്‍ സ്‌കൂളിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ഉപഹാരം ഹെഡ്മാസ്റ്റര്‍ നല്‍കി.
സ്‌കൂളിന്റെ വകയായി അവര്‍ക്കു നല്‍കിയ കാഷ് അവാര്‍ഡ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പിരിച്ചു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് അവര്‍ സംഭാവനയായി തിരിച്ചു ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവേശകരമായ അനുഭവമായി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."