ശംഖുംമുഖത്ത് അപകട ഭീഷണി വകവെയ്ക്കാതെ സന്ദര്‍ശകര്‍; സുരക്ഷാ സംവിധാനങ്ങളില്ല
തിരുവനന്തപുരം: ശംഖുംമുഖം തീരത്ത് അപകടഭീഷണി വകവെയ്ക്കാതെ സന്ദര്‍ശകര്‍. സുരക്ഷയൊരുക്കാന്‍ പൊലിസും ലൈഫ്ഗാര്‍ഡുമില്ലാത്തത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ശക്തമായ തിരയടിയിലും കടല്‍ക്ഷോഭത്തിലും കടല്‍ഭിത്തി തകര്‍ന്ന് തീരദേശ റോഡും നടപ്പാതയും തകര്‍ന്ന നിലയിലാണ്.
നടപ്പാതയുടെ ശേഷിക്കുന്ന ഭാഗം ഏതു സമയത്തും ഇടിയാവുന്ന സ്ഥിതിയിലാണ്. ഇവിടെ ജാഗ്രതാ ബോര്‍ഡും കയറും ചുവപ്പ് തുണിയും കെട്ടിയിട്ടുണ്ട്. എന്നാല്‍ ഇതുവകവെയ്ക്കാതെ ആളുകള്‍ നടപ്പാതയിലേക്ക് പ്രവേശിക്കുന്നതാണ് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നത്.
നാലു മാസമായി തുടരുന്ന തിരയടിയില്‍ ശംഖുംമുഖം ബീച്ച് മുഴുവനായി കടലെടുത്ത നിലയിലാണ്. 150 മുതല്‍ 200 മീറ്ററോളം വിതിയില്‍ വിശാലമായ തീരമുണ്ടായിരുന്ന ഇവിടത്തെ കരഭാഗം ഇപ്പോഴില്ല.
കഴിഞ്ഞ ഏപ്രിലില്‍ അസ്വാഭാവികമായ വേലിയേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ബീച്ചിന്റെ നടപ്പാതയ്ക്കടുത്തു വരെ കടലെടുത്തിരുന്നു. ഇപ്പോള്‍ നടപ്പാതയ്ക്കു പുറത്തെ റോഡു വരെ തിരയടിച്ചു കയറുന്നുണ്ട്. നടപ്പാത പൂര്‍ണമായി തകര്‍ച്ചാ ഭീഷണിയിലാണ്. ഇവിടെ കയര്‍ കെട്ടിത്തിരിച്ച് ആളുകളെ അതിനപ്പുറത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വേലിയേറ്റ സമയത്ത് അതിശക്തമായ തിരയടിയാണ്.
എയര്‍പോര്‍ട്ട്ശംഖുമുഖം റോഡിന്റെ പകുതിയിലേറെ ഭാഗം കടലെടുത്തു. തുടര്‍ച്ചയായി തിരയടിച്ചു കയറുന്നതോടെ അവശേഷിക്കുന്ന റോഡിന്റെ നിലനില്‍പ്പും ഭീഷണിയിലാണ്.
കടല്‍ക്ഷോഭം ഒഴിഞ്ഞാലേ ഇവിടെ റോഡുപണി സാധ്യമാകൂ. അതുവരെ റോഡ് കേടുകൂടാതെ നിലനില്‍ക്കുമോ എന്ന് ആശങ്കയുണ്ട്. റോഡിന്റെ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വച്ച് കെട്ടിത്തിരിച്ച് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുവത്തേക്കുമുള്ള വാഹനങ്ങള്‍ ഇപ്പോള്‍ ഒറ്റവരിയിലാണ് പോകുന്നത്. എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്.
കഴിഞ്ഞ മെയ് മാസത്തില്‍ വേനല്‍മഴയിലാണ് ശംഖുമുഖത്തെ കടല്‍ഭിത്തി തകര്‍ന്നത്. ഇതോടെ ഇവിടേക്ക് ജില്ലാ കലക്ടര്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പ്രവേശനം നിരോധിച്ചത് അറിയാതെ എത്തുന്ന സഞ്ചാരികളാണ് അപകട മേഖലയിലേക്ക് കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."