എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാക്കള്‍ നിരപരാധികള്‍; പ്രസംഗം കേട്ട് ലൈക്ക് ചെയ്തതാണ് വിനയായത് - വിശദീകരണവുമായി ബന്ധുക്കള്‍
കാസര്‍കോട്:എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാസര്‍കോട്ടെ യുവാക്കള്‍ നിരപരാധികളാണന്ന് ബന്ധുക്കള്‍. ശ്രീലങ്കന്‍ സ്ഫോടനത്തിലെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്റെ മതപ്രഭാഷണം ഒരു വര്‍ഷം മുമ്പ് കേട്ടെന്ന കണ്ടെത്തലാണ് എന്‍.ഐ.എ സംഘം അന്വേഷണത്തിനെത്താന് കാരണമായതെന്നാണ് ഇവര്‍ പറയുന്നത്.
യുവാക്കളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എന്‍.ഐ.എ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് പലവിധ കിംവദന്തികള്‍ നാട്ടില്‍ പരക്കുന്നതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ സത്യാവസ്ഥ വീട്ടുകാര്‍ വെളിപ്പെടുത്തിയത്.
വിദ്യാനഗര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് (28) ഓണ്‍ലൈനില്‍ മതപ്രഭാഷണം സ്ഥിരമായി കേള്‍ക്കുന്ന യുവാവാണ്. ഒരു വര്‍ഷം മുമ്പ് സഹ്റാന്‍ ഹാഷിമിന്റെ മതപ്രഭാഷണം കേള്‍ക്കുകയും അതിന് ലൈക്ക് നല്‍കുകയും ചെയ്തതായി പറയുന്നു. പിന്നീട് സഹ്റാന്‍ ഹാഷിമിന്റെ പ്രസംഗം വഴിമാറിയതോടെ ഇയാളെ പിന്തുടരുന്നതില് നിന്നും സിദ്ദീഖ് പിന്മാറിയതായും സഹോദരന് ഫാറൂഖ് പറഞ്ഞു.
എന്‍ ഐ എ സംഘം വീട്ടില്‍ നിന്നും സിദ്ദീഖ് ഉപയോഗിച്ചിരുന്ന ഫോണും, പഴയ ഒരു പെന്‍ഡ്രൈവും മാത്രമാണ് കൊണ്ടുപോയത്. ഫേസ്ബുക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണാണിത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സിദ്ധീഖും സുഹൃത്തായ കുഡ്ലു കാളിയം കാവിലെ അഹമ്മദ് അറഫാത്തും (29) ഇന്നലെ രാവിലെ തന്നെ കൊച്ചിയിലെ എന്‍ ഐ എ ഓഫി സിലെത്തിയിരുന്നു.
പഠന സമയത്ത് വിദ്യാര്‍ത്ഥി സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്ന സിദ്ദീഖ് പിന്നീട് മതപഠനത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു. നല്ല പ്രഭാഷണങ്ങള്‍ മാത്രമാണ് കേട്ടിരുന്നത്. എറണാകുളത്ത് സുഹൃത്തിനൊപ്പം അത്തര്വ്യാപാരം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിനു വേണ്ടിയാണ് സിദ്ധീഖ് നാട്ടിലെത്തിയത്.
ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മതപ്രഭാഷണ ചടങ്ങുകളില്‍ പോകുമ്പോള്‍ ഉണ്ടായ ബന്ധമാണ് സിദ്ദീഖും അറഫാത്തും തമ്മിലുള്ളത്. പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."