പൊലിസുകാരുടെ പോസ്റ്റല്‍ വോട്ട്: ക്രമക്കേട് നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി വേണം: മുല്ലപ്പള്ളി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലിസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പൊലിസിലെ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ നിര്‍ദേശം നല്‍കിയതില്‍ ഡി.ജി.പിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറും ഈ വിഷയം ഗൗരവത്തോടെ കാണണം.
പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഡി.ജി.പിക്ക് വീഴ്ചപറ്റി. പോസ്റ്റല്‍ വോട്ടിലെ തിരിമറി സംബന്ധിച്ച് ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് ശ്രമിച്ചത്. മാനനഷ്ടക്കേസ് നല്‍കാന്‍ ഡി.ജി.പി തയാറായാല്‍ അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം നടത്തിയിട്ടുള്ള നീക്കങ്ങളെയും ഇടപാടുകളെയും കുറിച്ച് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ അവസരം ലഭിക്കും.
ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും നടത്തുന്ന ശ്രമത്തിന്റെ പിന്തുടര്‍ച്ചയാണ് കേരളത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മിഷനെ വിലകുറച്ച് കാണിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കങ്ങളെ ഒരിക്കലും കോണ്‍ഗ്രസിന് അംഗീകരിക്കാനാകില്ല. സി.പി.എമ്മിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ശൈലിയുടെ തനിയാവര്‍ത്തനമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരായ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."