നിസാമുദ്ദീന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു
കുറ്റ്യാടി: അകാലത്തില്‍ വിടചൊല്ലിയ പ്രിയകൂട്ടുകാരന്റെ ഓര്‍മകളില്‍ സുഹൃത്തുക്കളുടെ ഒത്തുചേരല്‍ വികാരനിര്‍ഭരമായി.
വേളം പുത്തലത്തെ എസ്.കെ.എസ്.എസ്.എഫ്, എം.എസ്.എഫ് എന്നിവകളുടെ സജീവ പ്രവര്‍ത്തകനായ പുളിഞ്ഞോളി നിസാമുദ്ദീന്റെ ഒന്നാം ചരമദിനത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും ഒത്തുചേര്‍ന്നത്.
2017 സെപ്റ്റംബര്‍ ആറിന് വേളം കാക്കുനിക്കടുത്ത് തുലാറ്റുംനടയില്‍ വച്ചുണ്ടായ ബൈക്കപകടത്തിലാണ് നിസാമുദ്ദീന്റെ ആകസിമിക മരണംസംഭവിച്ചത്.
നിസാമുദ്ദീന്റെ ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചായിരുന്നു അപകടം.
എസ്.ഡി.പി.ഐ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തി അകാലത്തില്‍ വിടപറയേണ്ടി വന്ന ജ്യേഷ്ഠന്‍ നസീറുദ്ദീന്റെ നിസ്വാര്‍ഥ സേവന മനോഭാവം അതുപോലെ പിന്തുടരുകയും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന 'ഇക്കാക്ക'യുടെ നാടിന് വേണ്ടിയുള്ള സ്വപ്നങ്ങളും സേവനപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തിവരികയുമായിരുന്നു നിസാം.
ദീനീ രംഗത്ത് നിറഞ്ഞുനിന്ന് സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍പിടിക്കുമ്പോള്‍ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനായ എം.എസ്.എഫിലും സജീവ പങ്കാളിത്തമായിരുന്നു നിസാമുദ്ദീന് ഉണ്ടായിരുന്നത്.
പുത്തലത്ത് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മഹല്ല് ഖാസി മൊയതു മുസ്‌ലിയാര്‍ കോട്ടപള്ളി ഉദ്ഘാടനം ചെയ്തു.
പി.കെ മുഹമ്മദ് അധ്യക്ഷനായി. സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സി.എം നൗഷാദ് ദാരിമി കോട്ടത്തറ, ശാക്കിര്‍ കടമേരി, മുഹമ്മദ് തോടന്നൂര്‍, അലി മുസ്‌ലിയാര്‍, എ.കെ സുബൈര്‍ മൗലവി, ഇ.പി സലീം, ഒ.കെ റിയാസ് മാസ്റ്റര്‍ പി.കെ യൂനുസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."