ഗോധ്രാ തീവയ്പ് പോലെ പുല്‍വാമാ ആക്രമണവും ബി.ജെ.പി ആസൂത്രണംചെയ്തത്; ലക്ഷ്യം തെരഞ്ഞെടുപ്പ് ജയം: ശങ്കര്‍സിങ് വഗേല
അഹമ്മദാബാദ്: 2002ല്‍ ഗോധ്രയില്‍ കര്‍സേവകര്‍ സഞ്ചരിച്ച സമര്‍മതി എക്‌സ്പ്രസിനു തീവച്ച സംഭവംപോലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ ആക്രമണവും ബി.ജെ.പി ആസൂത്രണംചെയ്തതാണെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സങ്കര്‍ സിങ് വഗേല ആരോപിച്ചു. ഈ രണ്ടു സംഭവങ്ങളും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ബി.ജെ.പി ആസൂത്രണംചെയ്തതാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച അര്‍.ഡി.എക്‌സ് നിറച്ച വാഹനം 'ജി.ജെ' എന്ന പേരില്‍ ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നുവെന്നും വഗേല ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ തീവ്രവാദ ആക്രമണങ്ങള്‍ ഉപയോഗിക്കുന്നത്. നിരവധി തീവ്രവാദ ആക്രമണങ്ങളാണ് മോദിയുടെ ഭരണത്തില്‍ ഉണ്ടായത്. ബി.ജെ.പിക്ക് എല്ലാ സംഭവങ്ങളിലും പങ്കുണ്ട്. വോട്ടിനു വേണ്ടിമാത്രമാണ് അതിര്‍ത്തിയില്‍ വിഭാഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്നത്. പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടാവുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. അതിനു ശേഷവും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ബാലാകോട്ടില്‍ ഭീകരര്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാരിനു നേരത്തേ തന്നെ അറിമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഈ ക്യാംപുകള്‍ക്കെതിരെ അപ്പോള്‍ നടപടി എടുത്തില്ല. പുല്‍വാമയിലേതു പോലെ ഒരു ആക്രമണം ഉണ്ടാവുന്നതു വരെ കാത്തിരുന്നു- അദ്ദേഹം ചോദിച്ചു.
പുല്‍വാമാ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബാലക്കോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. 200നും 300നും ഇടയില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍, അങ്ങിനെയില്ലെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. ബാലകോട്ട് വ്യോമാക്രമണം ബി.ജെ.പി നേതാക്കളുടെ സങ്കല്‍പ്പത്തില്‍ മാത്രം സംഭവിച്ച ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്സിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി ബി.ജെ.പിയിലെത്തുകയും മുഖ്യമന്ത്രിയാവുകയും ചെയ്ത വഗേല, പിന്നീട് സംഘ്പരിവാര്‍ ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിലെത്തുകയായിരുന്നു. നിലവില്‍ ഗുജറാത്ത് പ്രതിപക്ഷനേതാവാണ് വഗേല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."