തെറ്റായ കാര്യം ചെയ്യാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയബാധിതരുടെ വായ്പയ്ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതില്‍ ബാങ്കുകളും സര്‍ക്കാരും തമ്മില്‍ ഇടയുന്നു.
സംസ്ഥാനത്തെ മുഴുവന്‍ പ്രളയബാധിതമായി പ്രഖ്യാപിക്കാതെ മൊറട്ടോറിയം നടപ്പാക്കുന്നതു പ്രായോഗികമായി ബുദ്ധിമുട്ടാണെന്നു ബാങ്കുകള്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍, ഇല്ലാത്ത കാര്യം ചെയ്യാന്‍ കഴിയില്ലെന്നും പ്രളയം ബാധിച്ച സ്ഥലങ്ങളെ മാത്രമേ പ്രളയബാധിതമായി പ്രഖ്യാപിക്കാന്‍ കഴിയൂവെന്നും ബാങ്കുകളുടെ ആവശ്യം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി ബാങ്കുകളെ അറിയിച്ചു.
പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. വില്ലേജ് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രളയബാധിതമേഖലകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ബാങ്കുകള്‍ സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനമേഖല തിരിച്ചിരിക്കുന്നത്. ഇതുമൂലം വില്ലേജ് അടിസ്ഥാനത്തില്‍ പ്രളയബാധിതരുടെ വായ്പയ്ക്കു മൊറട്ടോറിയം നല്‍കുന്നതില്‍ ശാഖകള്‍ക്കു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണു ബാങ്കുകളുടെ വാദം.
വായ്പയുടെ ഈട് പ്രളയബാധിതമേഖലയിലാണെങ്കിലും പ്രളയബാധിതമേഖലയല്ലാത്ത വില്ലേജിലെ ശാഖയില്‍ നിന്നുള്ള വായ്പയ്ക്ക് മൊറട്ടോറിയം നല്‍കാനാവില്ലെന്നു ബാങ്കുകള്‍ പറയുന്നു. സമാനമായ നിരവധി ആശയക്കുഴപ്പങ്ങള്‍ ശാഖകളിലുണ്ട്.
മുന്‍പ് തമിഴ്‌നാട് ചെയ്തതുപോലെ സംസ്ഥാനവ്യാപകമായി പ്രളയബാധിതമായി പ്രഖ്യാപിച്ചാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണു ബാങ്കേഴ്‌സ് സമിതി പറയുന്നത്. എന്നാല്‍, നേരത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്ന സമയത്തു സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ തടസം ബാങ്കേഴ്‌സ് സമിതി ഉന്നയിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."