രാമലിംഗം കൊലപാതകം: തമിഴ്നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്ഡ്
ചെന്നൈ: തഞ്ചാവൂര്‍ ജില്ലക്കാരനായ രാമലിംഗം എന്നയാളെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫിസ് ഉള്‍പ്പെടെയുള്ളവയില്‍ 20 സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. കുംഭകോണം, തഞ്ചാവൂര്‍. തൃച്ചി, കരയ്ക്കല്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നാല് ഓഫിസുകള്‍ക്ക് പുറമെ കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ വീടുകളിലും ഇന്നലെ തെരച്ചില്‍ നടത്തി.
റെയ്ഡില്‍ 16 മൊബൈല്‍ ഫോണുകള്‍, 21 സിം കാര്‍ഡുകള്‍, മൂന്ന് ലാപ്ടോപ്പുകള്, പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് ബാനറുകള്‍, വാള്, കത്തി, രണ്ട് ലക്ഷം രൂപ തുടങ്ങിയവ പിടിച്ചെടുത്തു.
ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് തിരുവിതിമരുദൂര് സ്വദേശിയായ രാമലിംഗത്തെ കൊലപ്പെടുത്തിയത്. രാത്രിയില്‍ ഒമിനി വാനില്‍ മടുങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ പ്രത്യേക സംഘമുണ്ടെന്നുമാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കാളികളെന്ന് കരുതുന്ന ആറ് പേരെ ഇനിയും പിടികൂടാനുണ്ട്. കേസില്‍ അറസ്റ്റിലായവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."