ലോകത്ത് കൊവിഡ് മരണം 9 ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.77 കോടിയായതിനു പിന്നാലെ ആഗോള കൊവിഡ് മരണം ഒന്‍പത് ലക്ഷം കടന്നു. 63 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ച യു.എസില്‍ ഇതുവരെ 1,90,000 പേര് വൈറസ് മൂലം മരിച്ചു. ബ്രസീലില്‍ 1,27,000 പേരാണ് മരിച്ചത്. രോഗവ്യാപനത്തില്‍ ബ്രസീലിനെ പിന്തള്ളിയ ഇന്ത്യയില്‍ ഇതിനകം 74,000 പേര് മരിച്ചു.
ദിനേന രോഗബാധിതരുടെ എണ്ണം കൂടിവരുന്ന ഇന്ത്യയില്‍ തിങ്കളാഴ്ച 90,802 പേര്‍ക്കാണ് മഹാമാരി സ്ഥിരീകരിച്ചത്. രാജ്യത്ത് 43 ലക്ഷം പേര് രോഗബാധിതരാണ്. ബ്രസീലില്‍ 41 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കൊവിഡ് മൂലം ലോകത്ത് പ്രതിദിനം 5,600 പേര് മരിക്കുന്നതായാണ് റോയിട്ടേഴ്സ് കണക്ക്. മരണം എട്ടു ലക്ഷത്തില്‍ നിന്ന് ഒമ്പതുലക്ഷത്തിലെത്തിയത് 18 ദിവസങ്ങള്‍ക്കുള്ളിലാണ്. ഏഴു ലക്ഷം എട്ടുലക്ഷമായത് 17 ദിവസങ്ങള്‍ കൊണ്ടായിരുന്നു. യു.എസിലും ബ്രസീലിലും മരണനിരക്ക് മൂന്നു ശതമാനമാണ്. ഒരു ശതമാനവുമായി ഇന്ത്യ തൊട്ടു പിന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."