എന്‍.എസ്.എസ് യൂനിറ്റുകള്‍ അധികവും സ്വാശ്രയ മേഖലയില്‍
മലപ്പുറം: സര്‍ക്കാര്‍ എന്‍.എസ്.എസ് യൂനിറ്റുകള്‍ അനുവദിക്കുന്നത് അപ്രഖ്യാപിതമായി നിര്‍ത്തലാക്കിയതോടെ സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകളുടെ എണ്ണം കുത്തനെ കൂടി. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 2014 മുതല്‍ ഇതുവരെ തുടങ്ങിയ സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകളുടെ എണ്ണം സര്‍ക്കാര്‍ യൂനിറ്റുകളുടെ എണ്ണത്തെയും മറികടന്നു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ പുതുതായി ആരംഭിക്കുന്ന മുഴുവന്‍ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകളും സ്വാശ്രയമേഖലയില്‍ അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് സ്വകാര്യമേഖലയുടെ കടന്നുകയറ്റം ഉണ്ടായത്. സംസ്ഥാനത്താകെ 1190 എന്‍.എസ്.എസ് യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 665 യൂനിറ്റുകളും സ്വാശ്രയ മേഖലയിലാണ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അംഗീകാരം ലഭിച്ച 525 യൂനിറ്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ തുടരുന്നത്.
സ്വാശ്രയ,സര്‍ക്കാര്‍ മേഖലയിലെ 1190 യൂനിറ്റുകളിലായി 1,19,000 വളണ്ടിയര്‍മാരാണുള്ളത്. 1992ല്‍ ഗാന്ധിജയന്തി ദിനത്തില്‍ 20 സ്‌കൂളുകളില്‍ പൂര്‍ണമായും സര്‍ക്കാര്‍ ധനസഹായത്തോടെ ആരംഭിച്ച യൂനിറ്റുകളെ സാമ്പത്തിക ബാധ്യത പറഞ്ഞാണ് സര്‍ക്കാര്‍ കൈ ഒഴിയുന്നത്. വിദ്യാര്‍ഥികളില്‍ നിന്ന് പരമാവധി പണപ്പിരിവ് നിയന്ത്രിച്ച് പി.ടി.എ ഫണ്ട്, കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട്, തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഫണ്ട് കണ്ടെത്താനാണ് നിര്‍ദേശം. എങ്കിലും ഭൂരിഭാഗം യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ഥികളില്‍ നിന്നു വന്‍തുക ഈടാക്കിയാണ്.
സേവന മനോഭാവത്തിനു പുറമേ വാര്‍ഷിക പരീക്ഷയില്‍ അഞ്ചുശതമാനംവരെ ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നതാണ് ഈ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ സ്വാശ്രയ സ്‌കൂളുകളേയും അംഗത്വമെടുക്കാന്‍ വിദ്യാര്‍ഥികളേയും പ്രേരിപ്പിക്കുന്ന പ്രധാനകാരണം. സാമ്പത്തികം ഒഴികെ നിലവിലെ യൂനിറ്റുകള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വാശ്രയ യൂനിറ്റുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നതിനാല്‍ സേവന സന്നദ്ധരായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായത്.
156 യൂനിറ്റുകളുള്ള മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എന്‍.എസ്.എസ് യൂനിറ്റുകള്‍ ഉള്ളത്. കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവരുടെ പുനരധിവാസം ഉള്‍പ്പെടെ മികച്ച ഇടപെടലാണ് വളണ്ടിയര്‍മാര്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."