ആകാശ പോരാട്ടത്തിന് അണിനിരക്കാന്‍ ഇനി റഫാലും
ന്യൂഡല്‍ഹി: ആകാശത്തെ പോരാട്ടത്തില്‍ ഇന്ത്യക്ക് ശക്തിപകര്‍ന്ന് അഞ്ചു റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി. വ്യാഴാഴ്ച രാവിലെ അംബാലയിലെ എയര്‍ബേസില്‍ നടന്ന ചടങ്ങിലാണ് വിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാര്‍, ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ലക്ഷണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതിലൂടെ കൂടുതല്‍ ശക്തിപ്പെട്ടുവെന്നും രാജ്‌നാഥ് പറഞ്ഞു. ചടങ്ങുകളുടെ ഭാഗമായി അംബാലയില്‍ സര്‍വമത പ്രാര്‍ഥന നടന്നു. അഞ്ച് റഫാലുകള്‍ക്കും വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. റഫാല്‍, തേജസ് വിമാനങ്ങളുടെ വ്യോമപ്രകടനവും നടന്നു. ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ വിമാനങ്ങളില്‍ അഞ്ചെണ്ണം ജൂലൈ 29നാണ് അംബാലയില്‍ എത്തിയത്.
അടുത്ത നാല് വിമാനങ്ങള്‍ ഒക്ടോബറിലും മൂന്നാം ബാച്ച് ഡിസംബറിലും വരും. 2021 അവസാനത്തോടെ 36 വിമാനങ്ങളും ലഭിക്കും. അംബാലയിലേക്ക് പുറപ്പെടുന്നതിന് മുന്‍പു രാജ്‌നാഥ് സിങ്ങും ഫ്‌ളോറന്‍സ് പാര്‍ലിയും ഡല്‍ഹിയിലെ പാലം എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍വച്ചു കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ ഫ്‌ളോറന്‍സ് പാര്‍ലി പുഷ്പചക്രം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."