രഞ്ജി താരങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി
തിരുവനന്തപുരം: നായകനെതിരേ കലാപം നടത്തിയ സീനിയര്‍ ടീമിലെ 13 താരങ്ങള്‍ക്കെതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അച്ചടക്ക നടപടി. കേരളാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ ഒപ്പു ശേഖരണം നടത്തിയ താരങ്ങള്‍ക്കെതിരേയാണ് കെ.സി.എ നടപടി എടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തിന്റേതാണ് തീരുമാനം. അഞ്ചു താരങ്ങള്‍ക്ക് മൂന്നു ഏകദിന മത്സരങ്ങളില്‍നിന്ന് സസ്‌പെന്‍ഷനും മൂന്നു ദിവസത്തെ ബി.സി.സി.ഐ ഏകദിന മാച്ച് ഫീസിന് തുല്യമായ തുക പിഴയും ചുമത്തി. റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് എസ്. വാര്യര്‍, രോഹന്‍ പ്രേം, കെ.എം ആസിഫ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ക്കാണ് പിഴ ശിക്ഷ വിധിച്ചത്. അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, ഫാബിദ് ഫാറൂഖ് അഹമ്മദ്, എം.ഡി നിധീഷ്, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്, വി.എ ജഗദീഷ് എന്നിവര്‍ക്ക് മൂന്ന് ദിവസത്തെ ബി.സി.സി.ഐ ഏകദിന മാച്ച് ഫീസിന് തുല്യമായ തുക പിഴ ചുമത്തി. ഈ പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണം. ഒപ്പു ശേഖരണം സംബന്ധിച്ച് കഴിഞ്ഞ 11ന് കളിക്കാരില്‍നിന്ന് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് 13 ന് നല്‍കിയ ഷോക്കോസ് നോട്ടിസിന്റെ മറുപടിയും യോഗം പരിശോധിച്ചു. ഇതില്‍ നിന്ന് താരങ്ങള്‍ ഐക്യവും സ്ഥിരതയും അസോസിയേഷന്റെ താല്‍പര്യങ്ങളും ഹനിക്കുന്നതായി കണ്ടെത്തി.
ക്യാപ്റ്റനെയും കെ.സി.എയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ലക്ഷ്യത്തോടെയാണിതെന്നും കണ്ടെത്തി. തുടര്‍ന്ന് പെരുമാറ്റ ദൂഷ്യത്തിന് പിഴ ചുമത്താന്‍ യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. പിഴ തുക അടുത്ത മാസം 15 ന് മുന്‍പായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് തെളിവ് ഹാജരാക്കാന്‍ താരങ്ങളോട് നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും, അച്ചടക്കലംഘനം തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് താക്കീത് ചെയ്യാനും തീരുമാനിച്ചതായി കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."