ജോലിക്കെത്താതെ മുങ്ങിനടന്നു; കൊവിഡ് ചികിത്സാകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയുടെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഡ്യൂട്ടിക്കെത്താതെ മുങ്ങിനടന്ന ഡോക്ടര്‍മാര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ. ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാനാണ് ബന്ധപ്പെട്ടവരോട് ശുപാര്‍ശ ചെയ്തത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ നഗരസഭ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ആരോപിച്ച് അന്തേവാസികള്‍ ഒന്നടങ്കം ഉച്ചഭക്ഷണമുപേക്ഷിച്ച് പ്രതിഷേധസൂചകമായി കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയിരുന്നു.
ഇവിടെ ആരോഗ്യ പരിശോധനയോ ശുചീകരണമോ നടത്തുന്നില്ല. മതിയായ അളവില്‍ പോഷകാഹാരം നല്‍കുന്നില്ല. ശൗചാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. കൃത്യമായ ഇടവേളകളില്‍ ടെസ്റ്റുകള്‍ നടത്താത്തതിനാല്‍ നെഗറ്റീവായവരും പൊസിറ്റീവയവരും ഒരുമിച്ചു കഴിയേണ്ടിവരുന്നു. ദിവസങ്ങളായി ഡോക്ടര്‍മാരെത്തുന്നില്ല. ഇങ്ങനെയൊക്കെയുള്ള നിരവധി അപാകങ്ങള്‍ ഉന്നയിച്ചാണ് അന്തേവാസികള്‍ പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് സംഭവം പുറത്തിറിഞ്ഞത്.
ഇക്കഴിഞ്ഞ മൂന്നാം തിയതി മുതല്‍ അഞ്ചു ദിവസം ആരുംപരിശോധനയ്‌ക്കെത്തിയില്ലെന്ന് പരാതിയുണ്ടായിരുന്നു.
ഡോക്ടര്‍മാര്‍ ഇതു നിഷേധിച്ചതിനെ തുടര്‍ന്ന് സത്യമറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പരിശോധനയിലൂടെ ബോധ്യപ്പെട്ടതായി ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഷിബു രാജന്‍ പറഞ്ഞു.
നടപടി ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കത്തും നല്‍കി. അടിയന്തിര നടപടി സ്വീകരിക്കാന്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എം രാജീവിനെ ചുമതലപ്പെടുത്തി. ഭക്ഷണനിലവാരം മെച്ചപ്പെടുത്താന്‍ കാന്റീന്‍ നടത്തിപ്പുകാരനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും പരാതി വന്നാല്‍ പുതിയ ആളുകളെ നിയമിക്കും.
കൊവിഡ് ചികിത്സാകേന്ദ്രത്തിലെ പ്രതിഷേധ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരും കുടുങ്ങിയേക്കും.
രോഗികളുടെ പേരും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. പരാതി ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനു പകരം വിഡിയോ ദൃശ്യങ്ങടക്കം പ്രചരിപ്പിച്ചത് നിയമലംഘനമാണ്. ഇതിനെതിരേ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."