രക്തസാക്ഷിപ്പട്ടികയില്‍ സംഘ്പരിവാറിനെ ഭയപ്പെടുത്തുന്നത്
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തയാറാക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തില്‍ രക്തസാക്ഷിയായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി, പുന്നപ്ര - വയലാര്‍ സമരത്തില്‍ വെടിവയ്പ്പിനിരയായ 46 പേര്, കരിവെള്ളൂര്‍, കാവുമ്പായി സമരങ്ങളില്‍ വെടിയേറ്റു വീണവര്‍ തുടങ്ങിയവരെ നീക്കം ചെയ്യാന്‍ കൗണ്‍സില്‍ അംഗമായ ഡോക്ടര്‍ സി.ഐ ഐസക് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. കോട്ടയം സി.എം.എസ് കോളജിലെ ചരിത്രാധ്യാപകനായിരുന്ന ഡോക്ടര്‍ ഐസക് സംഘ്പരിവാര്‍ സഹയാത്രികനും ഭാരതീയ വിചാര്‍ കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റും ആണ്. ശാസ്ത്രീയ ചരിത്രരചനയോട് പൊതുവില്‍ അസഹിഷ്ണുതയും എതിര്‍പ്പും പ്രകടിപ്പിക്കുന്നയാളാണ് അദ്ദേഹം.
രക്തസാക്ഷി പട്ടികയില്‍നിന്ന് ഇവരെയെല്ലാം വെട്ടിനിരത്താന്‍ അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ പലതാണ്. 'മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. വാരിയംകുന്നത്തിനെ പോലുള്ളവരെ മുസ്‌ലിം തീവ്രവാദികളായ കലാപകാരികളായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. അതിനാല്‍ അവര്‍ നടത്തിയത് വര്‍ഗീയലഹളയാണ്. അതുകൊണ്ട് കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റുകാര്‍ ദേശീയവിരുദ്ധരാണ്. ഇന്ത്യയുടെ അഖണ്ഡതയും സാംസ്‌കാരിക ഐക്യവും അവര്‍ അംഗീകരിച്ചിട്ടില്ല. ഇന്ത്യയെ പതിനേഴു പ്രദേശങ്ങളായി വെട്ടിമുറിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അവര്‍ സമരം ചെയ്തത് നെഹ്‌റുവിനെതിരെയായിരുന്നു. അതിനാല്‍ അവരുടെ ആളുകളെയും രക്തസാക്ഷികളായി അംഗീകരിക്കുവാന്‍ കഴിയില്ല'.
ഈ വാദങ്ങളില്‍ കൃത്യമായ സംഘ്പരിവാര്‍ മുദ്രയുണ്ടെന്നു കാണാന്‍ വിഷമമില്ല. ബ്രിട്ടിഷുകാര്‍ക്കെതിരായി ഇന്ത്യയിലെ ജനത നടത്തിയ പോരാട്ടമായല്ല ഇവര്‍ സ്വാതന്ത്ര്യസമരത്തെ കാണുന്നത്. വിദേശികള്‍ക്കെതിരായ ഇന്ത്യന്‍ സാംസ്‌കാരിക ദേശീയതയുടെ പോരാട്ടമായാണ്. ഭാരതം എന്ന പുണ്യഭൂമിയുടെ മോചനത്തിനു വേണ്ടി ഹൈന്ദവസൈനികര്‍ നടത്തിയ പോരാട്ടമായാണ്. ഗാന്ധിയോടും നെഹ്‌റുവിനോടുമൊപ്പം സവര്‍ക്കറിനെയും ഹെഡ്‌ഗേവാറിനെയും ഗോള്‍വാള്‍ക്കറിനെയും മറ്റുമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ കര്‍മ്മഭടന്മാരായി അവര്‍ കാണുന്നത്. ഇതിന്റെ ഫലമായി ബ്രിട്ടിഷ് ഭരണത്തിനെതിരായി ഇന്ത്യയില്‍ വളര്‍ന്നുവന്ന നിരവധി കലാപങ്ങളെ അവര്‍ ഒഴിവാക്കുന്നു, അല്ലെങ്കില്‍ ദേശീയവിരുദ്ധമായി മുദ്ര കുത്തുന്നു. മലബാര്‍ കലാപം ഇതിലൊന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വിജയികളായ ബ്രിട്ടന്‍ അടക്കമുള്ള സഖ്യശക്തികള്‍ തുര്‍ക്കിയുമായി ഒപ്പിട്ട സമാധാനസന്ധിയില്‍ ഓട്ടോമന്‍ രാജ്യം തകരുകയും സുല്‍ത്താന്റെ ഖലീഫയടക്കമുള്ള സ്ഥാനങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. മുസ്‌ലിംകളുടെ ഇടയില്‍ അതുവരെ നിലനിന്ന ബ്രിട്ടിഷ് വിരുദ്ധവികാരത്തെ ഇത് ആളിക്കത്തിച്ചു. ഇതിന്റെ ഫലമായുണ്ടായ ഖിലാഫത് പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ഉടമ്പടി ഉണ്ടാക്കുകയും യോജിച്ച് സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മലബാര്‍ കലാപം ഇതിന്റെ ഫലമാണെന്ന് എല്ലാവര്‍ക്കും അറിയാം.
മലബാര്‍ കലാപം കോണ്‍ഗ്രസ് അതുവരെ അനുവര്‍ത്തിച്ചു പോന്ന സമാധാനമാര്‍ഗത്തില്‍ നിന്ന് വേര്‍പെട്ട ഒരു സായുധകലാപമായി തീരുവാനുള്ള കാരണങ്ങളും നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടുള്ളതാണ്. പൂക്കോട്ടൂര്‍ ഒരു ഖിലാഫത് പ്രവര്‍ത്തകനെ ജന്മിയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്, തിരൂരങ്ങാടിയിലെ പള്ളി ആക്രമണവും അതിനെതിരായി കൂട്ടം ചേര്‍ന്നവര്‍ക്കെതിരേ നടത്തിയ വെടിവയ്പ്പ് തുടങ്ങിയ പ്രകോപനങ്ങളാണ് അത് ഒരു സായുധകലാപമായി മാറുന്നതിലേക്കെത്തിച്ചത്. ഏറനാട്ടിലെ വിവിധഭാഗങ്ങളില്‍ കൂട്ടം ചേര്‍ന്ന ജനങ്ങളെ തികഞ്ഞ മുന്‍വിധിയോടെ കണ്ട ബ്രിട്ടിഷ് ഭരണകൂടം ആ പ്രദേശത്തെ മുഴുവനും പട്ടാളനിയമത്തിന്റെ കീഴില്‍ കൊണ്ടുവരുകയും പുറംലോകവുമായുള്ള ബന്ധംപോലും വിച്ഛേദിച്ച് അടിച്ചമര്‍ത്തുകയുമായിരുന്നു. ഇതിന്റെ ഭാഗമായുണ്ടായ വാഗണ്‍ ദുരന്തത്തിന്റെ ഇരകളെപ്പോലും രക്തസാക്ഷികളുടെ ലിസ്റ്റില്‍നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. അതായത് തീവ്രവാദികളും കൊള്ളക്കാരുമല്ല കലാപത്തെ നയിച്ചത്, ജന്മിമാരുടെ പിന്തുണയോടെ ബ്രിട്ടിഷുകാര്‍ നടത്തിയ സംഹാരതാണ്ഡവം കൊണ്ട് പൊറുതിമുട്ടിയ ഒരു കൂട്ടം ജനങ്ങളാണ്. അവരുടെ പ്രതിനിധിയെന്ന നിലയില്‍ വാരിയംകുന്നത്ത് ഏതു രീതിയിലും രക്തസാക്ഷിയാണ്. അദ്ദേഹത്തെ പോലുള്ളവരെ ഉള്‍പ്പെടുത്താതിരിക്കുക അന്നത്തെ പോരാട്ടത്തില്‍ പങ്കെടുത്ത വലിയ ജനവിഭാഗത്തോട് ചെയ്യുന്ന അനീതിയാണ്.
രക്തസാക്ഷിത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട മറ്റുള്ളവരോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ഡോക്ടര്‍ ഐസക്കിന്റെ അഭിപ്രായത്തില്‍ ദേശീയവിരുദ്ധരും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അംഗീകരിക്കാത്തവരുമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍. ഇന്ത്യയെ പതിനേഴു പ്രവിശ്യകളായി വെട്ടിമുറിക്കണമെന്നു വാദിച്ചു. നെഹ്‌റു സര്‍ക്കാരിനോട് കമ്മ്യൂണിസ്റ്റുകാര്‍ സമരം ചെയ്തു. ഏതു സാഹചര്യങ്ങളിലാണ് ഈ നിലപാടുകള്‍ ഉണ്ടായതെന്നു കൂടി പരിശോധിക്കേണ്ടതാണ്. 1937ല്‍ സവര്‍ക്കര്‍ ഹിന്ദുരാഷ്ട്രവാദം ഉന്നയിച്ചതിനുശേഷമാണ് സ്വതന്ത്രഇന്ത്യയുടെ സ്വഭാവം എന്തായിരിക്കുമെന്ന ചര്‍ച്ച സജീവമാകുന്നത്. ഹിന്ദുമതാധിപത്യത്തിന്റെ കീഴില്‍ നില്‍ക്കാന്‍ തയാറില്ലാത്ത മുസ്‌ലിംകള്‍ ചേര്‍ന്ന് പാകിസ്താന്‍ വാദം ഉന്നയിച്ചു. ഇത് വന്‍തോതിലുള്ള വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുകയും ബ്രിട്ടിഷ് ഭരണകര്‍ത്താക്കള്‍ തന്നെ ഇതിനെ ഉപയോഗിച്ച് ഇന്ത്യയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ബഹുദേശീയവും ബഹുസ്വരതയില്‍ അധിഷ്ഠിതവുമായ സ്വഭാവത്തിലേക്ക് കമ്മ്യൂണിസ്റ്റുകാര്‍ വിരല്‍ ചൂണ്ടുന്നത്. വ്യത്യസ്തഭാഷകള്‍ സംസാരിക്കുകയും വ്യത്യസ്തസംസ്‌കാരങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ഭൂഭാഗങ്ങളെ പ്രത്യേക പ്രവിശ്യകളായി നിലനിര്‍ത്തണമെന്നും ഇവയെല്ലാം ചെയ്യുന്ന ഒരു ഇന്ത്യന്‍ യൂണിയന്‍ ഉണ്ടാകണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാദിച്ചു. ഇതേ വാദത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകസംസ്‌കാരം ഉള്‍ക്കൊണ്ട മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ എന്ന നിലയില്‍ കമ്മ്യൂണിസ്റ്റുകാര്‍ പാകിസ്താനും പിന്തുണ നല്‍കി. ഈ നിലപാടില്‍ നിന്നാണ് പിന്നീട് ഭാഷാസംസ്ഥാനങ്ങള്‍ എന്ന ആശയം വളര്‍ന്നുവന്നത് എന്നും ഓര്‍ക്കണം. ഒരു പ്രത്യേകസംവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച ഈ നിലപാടിനെയാണ് ഇപ്പോള്‍ ദേശീയ വിരുദ്ധമായി വ്യാഖ്യാനിക്കുന്നത്.
മറ്റൊന്ന് നെഹ്‌റു സര്‍ക്കാരിനെതിരേ സ്വീകരിച്ച നിലപാടാണ്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മില്‍ അനുരഞ്ജനചര്‍ച്ചകള്‍ നടത്തി ഒരു ദേശീയ സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ശക്തമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, യുദ്ധത്തിന് ശേഷം കോണ്‍ഗ്രസ് അതില്‍ നിന്ന് പിറകോട്ടു പോയി എന്ന് മാത്രമല്ല, 1946ല്‍ രൂപീകരിച്ച താല്‍ക്കാലിക സര്‍ക്കാരില്‍ സംഘ്പരിവാറിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ശ്യാമപ്രസാദ് മുഖര്‍ജിയെയും സിഖ് നേതാവായ ബല്‍ദേവ്‌സിങ്ങിനെയും ചേര്‍ത്ത് നെഹ്‌റു മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു. വലതുപക്ഷവുമായി നടത്തിയ പരസ്യമായ അനുരഞ്ജനത്തെയാണ് അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായി വിമര്‍ശിച്ചത്. ഇത് കൂടാതെ പുന്നപ്ര - വയലാറും തെലങ്കാനയുമടക്കം അക്കാലത്തുയര്‍ന്നു വന്ന നിരവധി ജനകീയ സമരങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പുറംതിരിഞ്ഞു നിന്നതും വിമര്‍ശനത്തിന് കാരണമായി. അങ്ങനെ ജനകീയസമരങ്ങളോട് ഒപ്പം നിന്നതാണ് സംഘ്പരിവാറിന്റെ കണ്ണില്‍ ദേശീയവിരുദ്ധമാകുന്നത്.
ബ്രിട്ടിഷ് വിരുദ്ധ ദേശീയസമരങ്ങളുടെ പശ്ചാത്തലത്തിലാണ് അക്കാലത്തെ തൊഴിലാളികളുടെയും കര്‍ഷകരുടെയും സമരങ്ങളെല്ലാം വളര്‍ന്നു വന്നിട്ടുള്ളത്. പുന്നപ്ര - വയലാര്‍ സമരമാകട്ടെ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേറിട്ട് സ്വന്തം രാഷ്ട്രം സൃഷ്ടിക്കാനുള്ള തിരുവിതാംകൂറിന്റെ ശ്രമത്തെ തടയിടാനുള്ള ശ്രമമായിരുന്നു. അതിനുവേണ്ടി രൂപപ്പെടുത്തിയ അമേരിക്കന്‍ മോഡല്‍ സര്‍ക്കാരിന് എതിരായാണ് ആലപ്പുഴയിലെ തൊഴിലാളികള്‍ സമരം ചെയ്തതും അതിനെ സര്‍ക്കാര്‍ ചോരയില്‍ മുക്കി തകര്‍ത്തതും. അവര്‍ക്കും രക്തസാക്ഷിത്വം നല്‍കാന്‍ ഡോക്ടര്‍ ഐസക് തയാറല്ല. ഇത്തരം രക്തസാക്ഷികളെ വെട്ടിനിരത്തുന്നതിലൂടെ ഇന്ത്യാചരിത്രത്തെ വെട്ടിത്തിരുത്തുകയാണ് ഡോക്ടര്‍ ഐസക്കും കൂട്ടരും ചെയ്യുന്നത് .
ഡോക്ടര്‍ ഐസക്കുമാര്‍ വരും പോകും. പക്ഷേ വാരിയംകുന്നത്തിനെയും കുന്തം ജോസഫിനെയും കാര്‍ത്യായനിയെയും കൂനേരി കുഞ്ഞമ്പുവിനെയും ജനങ്ങളുടെ മനസില്‍നിന്ന് അത്രയെളുപ്പത്തില്‍ മായ്ച്ചുകളയാനാകില്ല. അവരും ചേര്‍ന്നാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ഇവരെല്ലാവരും രക്തസാക്ഷികളുടെ പട്ടികയില്‍ വന്നാല്‍ ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു ബഹുസ്വരരാഷ്ട്രമാണെന്നു തെളിയിക്കാന്‍ വേറെയൊന്നും ആവശ്യമില്ല. അതോടെ സംഘ്പരിവാറിന്റെ ഹിന്ദുരാഷ്ട്ര വാചകമേള ഇല്ലാതെയാകും. ആ യാഥാര്‍ഥ്യത്തെയാണ് സംഘ്പരിവാര്‍ ഭയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."