ജ്വല്ലറി കവര്‍ച്ച: കുറ്റപത്രം സമര്‍പ്പിച്ചു
നാദാപുരം: കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറി കവര്‍ച്ചക്കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പിടിയിലായ തമിഴ്‌നാട് പാക്കം തിരുവള്ളൂര്‍ സ്വദേശി അഞ്ചാംപുലിയെന്ന അഞ്ചു പുലി (52), വിരപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (32) മധുര ജില്ലയിലെ പുതൂര്‍ സ്വദേശി രാജ (24) എന്നിവര്‍ക്കെതിരേയാണ് നാദാപുരം സി.ഐ രാജീവന്‍ പുതിയ വളപ്പില്‍ നദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് വളയം റോഡില്‍ പ്രവര്‍ത്തിക്കുന്ന റിന്‍സി ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്ന് ഇരുമ്പ് ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത് തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ ഒന്നര കിലോ സ്വര്‍ണാഭരണം, അഞ്ചുകിലോ വെള്ളി, മൂന്നു ലക്ഷം രൂപ കവര്‍ച്ച ചെയ്തത്.
കവര്‍ച്ചക്കു ശേഷം രണ്ടു കിലോമീറ്റര്‍ അകലെയുള്ള പയന്തോങ്ങ് ബസ് സ്റ്റോപ്പില്‍ എത്തിയ പ്രതികള്‍ പുലര്‍ച്ചെയുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ വടകരയില്‍ എത്തി ട്രെയിന്‍ മാര്‍ഗം വളാഞ്ചേരിയിലേക്കു രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രീതി പ്രതികള്‍ക്കുണ്ടായിരുന്നില്ല. ഇതിനിടയില്‍ മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച ഇരുമ്പ് വടിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ഒടുവില്‍ പ്രതികളില്‍ എത്തിക്കുകയായിരുന്നു. അന്‍പത്തിയഞ്ച് സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചക്കു ശേഷം കോഴിക്കോട് ജില്ലയിലെ ചേളന്നൂരില്‍ മറ്റൊരു കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മലപ്പുറം വളാഞ്ചേരിയില്‍വച്ചാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കേരളത്തിലെ മറ്റ് മോഷണക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."