കേടായ പമ്പുകള്‍ നന്നാക്കാന്‍ 20,000 രൂപ വരെ നല്‍കും
ആലപ്പുഴ: കുട്ടനാട് മേഖലയിലെ പുനരധിവാസം വേഗത്തിലാക്കുന്നതിന് ജലനിരപ്പ് താഴ്ത്തുന്നതിന് അടിയന്തരി നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കൈനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെയും നഗരസഭയിലെ നെഹ്‌റുട്രോഫി വാര്‍ഡിന്റെ ചില ഭാഗങ്ങളിലും വെള്ളം വറ്റിക്കുന്നതിന് വെള്ളത്തില്‍ മുങ്ങി നശിച്ച പമ്പുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ട പാടശേഖരസമിതികള്‍ക്ക് 20,000 രൂപ വരെ നല്‍കാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പുനരധിവാസത്തിന് വെള്ളം വറ്റിക്കേണ്ടത് അത്യാവശ്യമുള്ള ഭാഗങ്ങളിലാണ് ഇത് അനുവദിക്കുക. ഈ തുക ഉപയോഗിച്ച് അടിയന്തിരമായി അത്തരം സ്ഥലങ്ങളില്‍ മോട്ടോര്‍ റിപ്പയര്‍ നടത്തി വെള്ളം വറ്റിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതികളോട് ആവശ്യപ്പെട്ടു.
ഇതിന് തയ്യാറാകാത്ത പാടശേഖരസമിതികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. എത്രയും പെട്ടെന്ന് മോട്ടോര്‍ തറകള്‍ നില്‍ക്കുന്നിടത്ത് വൈദ്യുതി എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിയോട് കലക്ടര്‍ ആവശ്യപ്പെട്ടു. നിലവില്‍ കൈനകരിയുള്‍പ്പടെ കുട്ടനാടിന്റെ വെള്ളം താഴാത്ത സ്ഥലങ്ങളിലുള്ള നാലായിരത്തോളം പേര്‍ ക്യാംപുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."