ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരാതി
തുറവൂര്‍: ചേര്‍ത്തല ഗവ. താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരാതി. ഇവിടെയുള്ള ഡോക്ടര്‍മാരുടെ നിസഹകരണം മൂലം ഒ.പിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ രീതിയിലാണ്. അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടര്‍മാര്‍ ഇല്ലാതായിട്ട് മാസങ്ങളായി. പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട അധികൃതര്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ദിനംപ്രതി ആയിരത്തില്‍പ്പരം പേരാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്.
സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ അത്യാഹിതവിഭാഗത്തിലേക്കും മൃതദേഹ പരിശോധന അടക്കമുള്ള മറ്റു ജോലികളിലേക്കും നിയോഗിക്കുന്നതാണ് ഒ.പിയുടെ പ്രവര്‍ത്തനം താറുമാറാകാന്‍ കാരണമെന്നാണ് ജീവനക്കാരില്‍ നിന്നും അറിയുന്നത്. ഒ.പിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പലപ്പോഴും കാരണമാകുന്നുണ്ട്.
അത്യാഹിത വിഭാഗത്തില്‍ ആറ് ഡോക്ടര്‍മാരാണ് ആവശ്യമെങ്കില്‍ നിലവില്‍ രണ്ട് പേരുടെ സേവനമാണ് ലഭിച്ചിരുന്നത്. ഇതില്‍ ഒരാള്‍ അവധിയില്‍ പ്രവേശിച്ചതോടെ പ്രവര്‍ത്തനം താറുമാറായി.
ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രി പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് ശ്രദ്ധിക്കുന്നില്ലെന്നുള്ള ആക്ഷേപം ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. ഉന്നത അധികാരികളുടെ ചിറ്റമ്മനയം മൂലമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇവിടെ അത്യാഹിത വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്ലാത്തത് രോഗികളെ കഷ്ടപ്പെടുത്തുകയാണ്. ഡോക്ടര്‍മാരുടെ നിയമനം വൈകുന്നതിന് എതിരേ നിരവധി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഒ.പിയുടെ പ്രവര്‍ത്തനം ഉടനെ സുഗമമാക്കണമെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും ജനകീയാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."