കണ്ണൂരിലെ കാപ്‌സ്യൂള്‍ ഫാക്ടറി
കൊലയും കുത്തും വെട്ടുമൊക്കെ സ്ഥിരം പരിപാടികളാണെങ്കിലും കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് വലിയൊരു ഗുണമുണ്ട്. സഹകരണസംഘങ്ങള്‍ ഉണ്ടാക്കിയും മറ്റും പ്രവര്‍ത്തകര്‍ക്ക് തൊഴിലുണ്ടാക്കുന്നതില്‍ അവിടുത്തെ പാര്‍ട്ടിനേതാക്കള്‍ ശ്രദ്ധാലുക്കളാണ്. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ സി.പി.എം തന്നെയാണ് ഇക്കാര്യത്തിലും മുന്‍പന്തിയില്‍. ചെറുകിട നെയ്ത്തുശാലകള്‍ മുതല്‍ പണ്ടൊക്കെ കുത്തക ബൂര്‍ഷ്വാസികള്‍ മാത്രം നടത്തിയിരുന്ന ബിസിനസായ വാട്ടര്‍ തീം പാര്‍ക്ക് വരെ അവിടെ പാര്‍ട്ടി നടത്തുന്നു. ശത്രുക്കള്‍ പറയുന്നതുപോലെ അത്ര വലിയ പാതകമൊന്നുമല്ല അത്. കാലാനുസൃതമായി വിപ്ലവതന്ത്രങ്ങള്‍ മാറ്റിപ്പിടിക്കേണ്ടി വരും. വിനോദവ്യവസായം വഴി സാധാരണക്കാരുടെ പണം വന്‍തോതില്‍ കുത്തകമുതലാളിമാര്‍ കൊണ്ടുപോകുന്നുണ്ട്. അതങ്ങനെ അനുവദിച്ചുകൂടാ. അതിനു ബദലുണ്ടാക്കി തൊഴിലാളിവര്‍ഗത്തിന്റെ കാശ് തൊഴിലാളിവര്‍ഗപ്പാര്‍ട്ടിയിലേക്കു തന്നെ കൊണ്ടുപോകേണ്ടതുണ്ട്. അതിന് ഇങ്ങനെയൊക്കെ വേണ്ടിവരും.
ഈ കൊറോണക്കാലത്ത് രാജ്യത്താകമാനമെന്നപോലെ കണ്ണൂരിലും പല വ്യവസായങ്ങളും പ്രതിസന്ധിയിലാണ്. അപ്പോള്‍ പിന്നെ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. ഇപ്പോഴത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രകാശം പരത്തുന്നൊരു ഭാവനാസമ്പന്നനാണ്. അദ്ദേഹത്തിന്റെ ഭാവനാശേഷിയില്‍ വിരിഞ്ഞൊരു പുത്തന്‍ ആശയമാണ് കാപ്‌സ്യൂള്‍ നിര്‍മാണം.
സാധാരണ രീതിയിലുള്ള മരുന്നു നിറച്ചൊന്നുമല്ല കണ്ണൂര്‍ കാപ്‌സ്യൂള്‍. മരുന്നിനെക്കാള്‍ തീവ്രത കൂടിയ രാഷ്ട്രീയ വാദങ്ങളും ന്യായങ്ങളുമാണ് ഈ കാപ്‌സ്യൂളുകളിലുണ്ടാകുക. രാഷ്ട്രീയപ്രതിയോഗികളുടെ സമൂഹമാധ്യമങ്ങളിലുള്ള ആക്രമണങ്ങള്‍ക്ക് കനത്ത മറുപടി നല്‍കുന്ന കിടിലന്‍ പ്രയോഗങ്ങള്‍. സാധാരണ ഇത്തരക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ ശസ്ത്രക്രിയ നല്‍കലാണ് കണ്ണൂരിലെ രാഷ്ട്രീയ രീതി. ഇനി കാപ്‌സ്യൂള്‍ നല്‍കിയിട്ടും മാറാത്ത രോഗമാണെങ്കില്‍ മാത്രമായിരിക്കും സി.പി.എമ്മുകാര്‍ ശസ്ത്രക്രിയ നടത്തുക.
അനിവാര്യമായൊരു സാഹചര്യത്തിലാണ് പാര്‍ട്ടി ഈ തീരുമാനത്തിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നിരവധി വിവാദത്തില്‍ പെടുന്നു. കൂടാതെ ചില നേതാക്കളും നേതാക്കളുടെ മക്കളുമൊക്കെ ഉണ്ടാക്കിവയ്ക്കുന്ന കുരിശുകള്‍ വേറെയും. ഇതിന്റെയൊക്കെ പേരില്‍ രാഷ്ട്രീയ ശത്രുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയെ നിരന്തരം ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനെതിരേ ശത്രുക്കള്‍ 'അന്തംകമ്മികള്‍' എന്നുവിളിക്കുന്ന പാര്‍ട്ടിയുടെ സ്വയംപ്രഖ്യാപിത സൈബര്‍ സൈനികരായ പോരാളി ഷാജിമാര്‍ ചാടിവീണ് തലങ്ങുംവിലങ്ങും മറുപടി നല്‍കുന്നു. ഇവരില്‍ പലരും കൃത്യമായി പാര്‍ട്ടി ക്ലാസില്‍ പോകാത്തവരായതുകൊണ്ടാവാം, എടുത്തുവീശുന്ന ആയുധങ്ങള്‍ പലതും കോടാലിയായി പാര്‍ട്ടിയുടെ നെഞ്ചിലേക്കു തന്നെ തിരിച്ചുവരുന്നു. അങ്ങനെ കാര്യങ്ങള്‍ മൊത്തത്തില്‍ അലമ്പാകുന്നു.
ഇതിനൊരു പ്രതിവിധിയായാണ് ജയരാജന്‍ സഖാവിന്റെ നേതൃത്വത്തില്‍ കാപ്‌സ്യൂള്‍ ഫാക്ടറി തുടങ്ങിയത്. ഫാക്ടറിയില്‍ വിദഗ്ധരായ ന്യായീകരണ ഡോക്ടര്‍മാര്‍ ഉല്‍പാദിപ്പിക്കുന്ന കാപ്‌സ്യൂളുകള്‍ സഖാക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയും അവരത് ആവശ്യമായി വരുന്നിടത്ത് എടുത്തു പ്രയോഗിക്കുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഈ കാപ്‌സ്യൂള്‍ പരീക്ഷണം തുടക്കത്തില്‍ തന്നെ പാളിയതായും കേള്‍ക്കുന്നു. അതുപിന്നെ ഏതു മരുന്നുപരീക്ഷണവും തുടക്കത്തില്‍ പാളാമല്ലോ. അയച്ചുകിട്ടിയ കാപ്‌സ്യൂളുകള്‍ സഖാക്കള്‍ വേണ്ടത്ര നോക്കാതെ എവിടെയൊക്കെയോ കൊണ്ടുപോയി ഇടുന്നതാണ് പുതിയ തലവേദന. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ബിസിനസുകള്‍ വിവാദമാകുന്നതിനെ ന്യായീകരിക്കാന്‍ തയാറാക്കിയ 'മക്കള്‍ തെറ്റുചെയ്യുന്നതിന് അച്ഛനെന്തു പിഴച്ചു' എന്ന കാപ്‌സ്യൂള്‍ പലരും കെ.എം മാണിയുടെ മകനെ ഇടതുമുന്നണിയിലെടുക്കുന്നതിനെ ന്യായീകരിക്കേണ്ടിടത്ത് കൊണ്ടുപോയി ഇടുന്നു. തിരിച്ച് ജോസ് കെ. മാണി ബന്ധത്തെ ന്യായീകരിക്കേണ്ടിടത്തേക്കായി തയാറാക്കിയ 'അച്ഛന്‍ തെറ്റുചെയ്യുന്നതിന് മകനെന്തു പിഴച്ചു' എന്ന കാപ്‌സ്യൂള്‍ കോടിയേരിയെ ന്യായീകരിക്കേണ്ടിടത്ത് കൊണ്ടുപോയി ഇടുന്നവരുമുണ്ടത്രെ. അതുപോല പെരിയ ഇരട്ടക്കൊലക്കേസിനെ ന്യായീകരിക്കാനുണ്ടാക്കിയ കാപ്‌സ്യൂള്‍ വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിനെപ്പറ്റി പറയുന്നിടത്തും നേരെ മറിച്ചുമൊക്കെ ഇടുന്നവരുമുണ്ടെന്നു കേള്‍ക്കുന്നു. ഇതു പരിഹരിക്കാന്‍ കാപ്‌സ്യൂള്‍ വിതരണക്കാര്‍ക്കായി ഫാര്‍മസി കോഴ്‌സ് തുടങ്ങാനുള്ള ആലോചനയിലാണ് നേതൃത്വം.
*****
മരവിക്കുന്ന മോഹങ്ങള്‍
കേരളത്തില്‍ രണ്ടു മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്നതാണ് 1980 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പതിവ്. അതങ്ങനെ മുറതെറ്റാതെ നടക്കുന്നതുകൊണ്ട് ഒരു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന മുന്നണി പിറ്റേന്നു തന്നെ അടുത്ത അധികാരത്തിനായുള്ള പണിക്കു തുടക്കമിടും. പിന്നെ അഞ്ചു വര്‍ഷത്തോളം അതിനുള്ള കഠിനാദ്ധ്വാനമാണ്. ഒരു കാലയളവിലെ പ്രതിപക്ഷനേതാവ് അടുത്ത തവണ മുഖ്യമന്ത്രിയാകുന്നതും സാധാരണ രീതിയാണ്.
ഇതൊക്കെ വച്ചുനോക്കുമ്പോള്‍ നടപ്പു നിയമസഭയിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി ഒരുങ്ങിയിരിക്കുന്നതിനെ കുറ്റം പറയാനാവില്ല. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വി.എസ് അച്യുതാനന്ദനെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഫിദല്‍ കാസ്‌ട്രോയാക്കി ഒരിടത്ത് ഇരുത്തിയതുപോലെ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് ദേശ് കീ നേതാ ആക്കി എ.ഐ.സി.സിയില്‍ കാര്യപ്പെട്ടൊരു പണികൊടുത്ത് മാറ്റിനിര്‍ത്തിയിട്ടുമുണ്ട്. അങ്ങനെ ചുറ്റുപാടുകള്‍ വച്ചുനോക്കുമ്പോള്‍ കാര്യങ്ങള്‍ ചെന്നിത്തലയ്ക്ക് അനുകൂലമാണ്. അതിനായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുകയുമാണ്.
എന്നാല്‍, കോണ്‍ഗ്രസല്ലേ പാര്‍ട്ടി. അതില്‍ എപ്പോഴും എന്തും സംഭവിക്കാം. ദേശീയ നേതൃത്വത്തിലേക്കു വിട്ട ഉമ്മന്‍ ചാണ്ടിയെ അധികവും കാണുന്നത് കേരളത്തില്‍ തന്നെയാണ്. അതുപിന്നെ കേരളവും ഇന്ത്യയുടെ ഭാഗമായതുകൊണ്ട് കുറ്റം പറയാനാവില്ല. കുഞ്ഞൂഞ്ഞ് കേരളത്തിലിരുന്ന് ദേശീയ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണെന്ന് വേണമെങ്കില്‍ പറയാം. അങ്ങനെയാണെങ്കിലും ചെന്നിത്തലയ്ക്ക് ശങ്കിക്കേണ്ടതില്ലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അവിടെയൊന്നും നില്‍ക്കില്ലെന്നാണ് കുഞ്ഞൂഞ്ഞ് തന്നെ നല്‍കുന്ന സൂചന.
കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തല എങ്ങനെയെന്ന ചോദ്യത്തിന് മിടുമിടുക്കനാണെന്ന മറുപടി തന്നെയാണ് ഉമ്മന്‍ ചാണ്ടി നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത ചോദ്യത്തിനുള്ള ഉത്തരം ചെന്നിത്തലയ്ക്ക് വലിയൊരു ദുസ്സൂചന നല്‍കുന്നതാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ചെന്നിത്തല തന്നെയായിരിക്കുമോ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അങ്ങനെ പറയാനാവില്ലെന്നും അതു പാര്‍ട്ടിയല്ലേ തീരുമാനിക്കുകയെന്നുമായിരുന്നു മറുപടി. അഞ്ചു വര്‍ഷമായി ചെന്നിത്തല താലോലിച്ചു വളര്‍ത്തിയെടുത്ത മോഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മങ്ങലേല്‍ക്കാന്‍ ഇതു ധാരാളം മതിയെന്നാണ് കോണ്‍ഗ്രസിനെപ്പറ്റി അറിയാവുന്നവര്‍ പറയുന്നത്. 'മോഹങ്ങള്‍ മരവിച്ചു... ' എന്ന ഗാനം കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ഉയരുന്നുണ്ടോ എന്ന് നമുക്ക് കാതോര്‍ത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."