സീറ്റ് വിട്ടുകൊടുക്കരുത്
സില്‍ വന്‍ തിക്കും തിരക്കുമാണ്. സീറ്റ് ലഭിച്ചവര്‍ക്കുപോലും സ്വസ്ഥമായി ഇരിക്കാന്‍ കഴിയുന്നില്ല. പുറമെ, സഹിക്കാനാകാത്ത ബഹളവും. ഡ്രൈവര്‍ക്കു മാത്രമാണ് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇരിക്കാന്‍ കഴിയുന്നത്. തിരക്ക് സഹിക്കാനാകാതെ വന്നപ്പോള്‍ യാത്രക്കാരിലൊരാള്‍ ഡ്രൈവറോട് പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ അടുക്കലൊന്ന് ഇരുന്നോട്ടെ..''
ഡ്രൈവര്‍ മുടക്കം നിന്നില്ല. അദ്ദേഹം തന്റെ സീറ്റ് അയാള്‍ക്കുവേണ്ടി ഒഴിഞ്ഞുകൊടുത്തു. ഡ്രൈവര്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ സന്തോഷത്തോടെ ആ സീറ്റിലിരുന്നു. എവിടെയാണ് തന്റെ കൈകാലുകളിരിക്കുന്നതൊന്നും അയാള്‍ നോക്കിയില്ല. ഒരു കൂസലുമില്ലാതെ അയാള്‍ ആക്‌സലേറ്ററില്‍ കാലമര്‍ത്തി. പിന്നെ സംഭവിച്ചതൊന്നും പറയേണ്ട..
പൊലിസ് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ പറയുകയാണ്: ''ഞാനൊന്നുമറിയില്ല. എല്ലാറ്റിനും അയാളാണുത്തരവാദി...''
ഈ ഡ്രൈവറെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്..? ബുദ്ധിമാനെന്നോ വിഡ്ഢിയെന്നോ..? സമൂഹ്യസ്‌നേഹിയെന്നോ സാമൂഹ്യദ്രോഹിയെന്നോ...?
''എന്റെ ജീവിതം നശിപ്പിച്ചത് അവനാണ്.''
''നീ പറഞ്ഞതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത്..''
''നീയില്ലായിരുന്നുവെങ്കില്‍ ഞാനെവിടെയോ എത്തുമായിരുന്നു..''
''നീ വന്നതോടുകൂടി എല്ലാം തകിടംമറിഞ്ഞു..''
നമ്മുടെ സ്ഥിരം ഡയലോഗുകളാണല്ലോ ഇവ. ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഇത്തരം വില കുറഞ്ഞ ഡയലോഗുകളില്‍ ആശ്രയം കൊള്ളുമ്പോള്‍ സത്യത്തില്‍ മേല്‍പ്പറഞ്ഞ ഡ്രൈവറുടെ തനി പ്രതിനിധിയാവുകയാണ് അറിഞ്ഞോ അറിയാതെയോ നമ്മള്‍..!
ഓരോരുത്തര്‍ക്കും ദൈവം തമ്പുരാന്‍ സ്വന്തമായ ജീവിതം നല്‍കിയനുഗ്രഹിച്ചിട്ടുണ്ട്. ആ ജീവിതം അവനവന്‍ തന്നെയാണ് മുന്നോട്ടുനയിക്കേണ്ടത്. അതിനു പകരം ആ നേതൃപദവി മറ്റാര്‍ക്കെങ്കിലും നല്‍കിയാല്‍ അതുവഴി വരുന്ന എല്ലാ ഭവിഷ്യത്തുകളും അവനവന്‍ തന്നെ സഹിക്കണം.
ഡ്രൈവര്‍ ഒരിക്കലും തന്റെ സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കരുത്. പുറത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുടലെടുത്താല്‍പോലും ഡ്രൈവര്‍ സീറ്റില്‍നിന്നെഴുന്നേല്‍ക്കാന്‍ പാടില്ല. പ്രശ്‌നപരിഹാരത്തിന് ബസിലെ മറ്റു ജീവനക്കാര്‍ ചെന്നുകൊള്ളും. ഡ്രൈവര്‍ ഇറങ്ങിയാല്‍ ആ സീറ്റിലേക്ക് ഏതെങ്കിലും അവിവേകികള്‍ കയറിയിരിക്കാന്‍ സാധ്യതയുണ്ട്. അതോടെ ഉണ്ടായിത്തീര്‍ന്നേക്കാവുന്ന ദുരന്തങ്ങള്‍ വിവരണാതീതമായിരിക്കും. ചെറിയൊരു യാത്രയില്‍ പോലും ഇതാണു സ്ഥിതിയെങ്കില്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ജീവിതയാത്രയില്‍ സീറ്റ് മാറിക്കൊടുത്താലുണ്ടാക്കുന്ന അനര്‍ഥങ്ങള്‍ക്ക് വല്ല കൈയ്യും കണക്കുമുണ്ടാകുമോ..?
ആരെന്തു പറഞ്ഞാലും സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാണ്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ പാടില്ല. ഓരോരുത്തരുടെയും ജീവിതം അവനവന്‍ തന്നെയാണ് ജീവിച്ചുതീര്‍ക്കേണ്ടത്; മറ്റാരുമല്ല. വിമര്‍ശനങ്ങള്‍ വരുമ്പോഴേക്കും ദൗത്യം മതിയാക്കി രംഗം വിടുന്നവരുണ്ട്. അത്തരക്കാര്‍ തങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ വിമര്‍ശകര്‍ക്ക് വിട്ടുകൊടുക്കുകയാണ്. തന്റെ സീറ്റില്‍ അവരെ ഇരുത്തി ഇനി നിങ്ങളെന്നെ നയിച്ചോളൂ എന്നു പറയാതെ പറയുകയാണയാള്‍. വിമര്‍ശകര്‍ക്കുവേണ്ടത് തന്റെ ദൗത്യവുമായി മുന്നോട്ടുപോകാന്‍ അയാളെ അനുവദിക്കാതിരിക്കലാണ്. അതില്‍ അവര്‍ വിജയിക്കുന്നു. അയാള്‍ ദൗത്യം മതിയാക്കുന്നു. പിന്നെ അലക്ഷ്യമായി എവിടേക്കെങ്കിലും സഞ്ചരിക്കുന്നു. അങ്ങനെ പരാജയമടഞ്ഞുപോവുകയും ചെയ്യുന്നു. ഇവിടെ വിമര്‍ശകരല്ല, ദൗത്യം മതിയാക്കിയവന്‍ തന്നെയാണ് തന്റെ പരാജയത്തിനുത്തരവാദി. കാരണം, അയാളാണ് വിമര്‍ശനങ്ങള്‍ വന്നപ്പോഴേക്കും കടിഞ്ഞാണ്‍ വിട്ടുകളഞ്ഞത്. ഏതു വിമര്‍ശനങ്ങള്‍ വന്നാലും കടിഞ്ഞാണിലുള്ള പിടി വിടരുതായിരുന്നു. അങ്ങനെ വിടാത്തവരാണ് വിമര്‍ശനങ്ങളെ അതിജീവിച്ച് വിജയത്തിലേക്കു കുതിക്കുക. അവര്‍ തങ്ങളുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ല. എത്ര കടുത്ത പരീക്ഷണങ്ങള്‍ വന്നാലും തന്റെ സീറ്റില്‍തന്നെ നിലയുറപ്പിക്കും.
പണം കാണുമ്പോഴേക്കും ലക്ഷ്യം മറന്ന് അതിനു പിന്നാലെ പോകുന്നവര്‍ തങ്ങളുടെ ഡ്രൈവിങ് സീറ്റ് പണത്തിനുവേണ്ടി വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്. തുടര്‍ന്നങ്ങോട്ട് അവരല്ല അവരെ നയിക്കുക, പണമായിരിക്കും. ബുദ്ധിയില്ലാത്ത അചേതനവസ്തുവാണ് പണം. അതിനൊരിക്കലും നായകനാകാന്‍ കഴിയില്ല. പക്ഷേ, നായകത്വപദവി അതിനു പതിച്ചു നല്‍കുമ്പോള്‍ നയിക്കപ്പെടുന്നവന്‍ അവിവേകങ്ങള്‍ കാണിക്കും. അങ്ങനെയാണ് പണത്തിനു വേണ്ടി കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. പണത്തിന് കണ്ണില്ല. കണ്ണില്ലാത്ത പണം കണ്ണുള്ള മനുഷ്യനെ നയിക്കുമ്പോള്‍ ഫലത്തില്‍ മനുഷ്യനും കണ്ണില്ലാതാകുന്നു. അതുകൊണ്ടാണ് പണത്തിന്റെ വിഷയങ്ങള്‍ വരുമ്പോള്‍ തന്റെ ഉമ്മയാര്, ഉപ്പയാര്, സഹോദര, സഹോദരിമാരാര് എന്നുപോലും തിരിച്ചറിയാന്‍ കഴിയാതെ വരുന്നത്.
ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ പിശാചില്‍ കെട്ടിവച്ച് 'വിശുദ്ധരാവാന്‍' നാം മിടുക്കരാണ്. ആ കള്ളപ്പിശാച് ഉണ്ടായതാണ് എല്ലാ ഗുലുമാലുകള്‍ക്കും കാരണം എന്നു പറയും നാം. ജീവിതത്തിന്റെ കടിഞ്ഞാണ്‍ പിശാചിന് വിട്ടുകൊടുത്ത നമുക്ക് യാതൊരു കുറ്റവുമില്ല..! നാളെ പരലോകത്ത് ഇതിന് പിശാച് മറുപടി പറയുന്നു്: ''അല്ലാഹു നിങ്ങളോട് സത്യസന്ധമായ വാഗ്ദാനമാണ് ചെയ്തിരുന്നത്. ഞാനും നിങ്ങള്‍ക്കു ചില വാക്കു തന്നു. എന്നാല്‍ ഞാനതു ലംഘിച്ചു. നിങ്ങളിലെനിക്ക് അധീശാധിപത്യമുണ്ടായിരുന്നില്ല. ഞാന്‍ വിളിച്ചു; അപ്പോള്‍ നിങ്ങളതിന് ഉത്തരം ചെയ്തുവെന്ന് മാത്രം. അതുകൊണ്ട് എന്നെയധിക്ഷേപിക്കേണ്ട. സ്വന്തത്തെ തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. നിങ്ങളെ സഹായിക്കുവാന്‍ എനിക്കു സാധിക്കുകയില്ല. എന്നെ രക്ഷപ്പെടുത്തുവാന്‍ നിങ്ങള്‍ക്കുമാവില്ല. മുന്‍പ് (ഭൗതികലോകത്തുവച്ച്) നിങ്ങളെന്നെ അല്ലാഹുവിന്റെ പങ്കുകാരനാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു. അക്രമികള്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്, തീര്‍ച്ച.(14: 22)
ഈ മറുപടിയെ എങ്ങനെ നാം ഖണ്ഡിക്കും...? ഡ്രൈവിങ് സീറ്റ് പിശാചിനുവിട്ടുകൊടുത്ത് അവസാനം പരാജയം ഏറ്റുവാങ്ങുമ്പോള്‍ അവനെ വിമര്‍ശിക്കുന്നതിലെന്തര്‍ഥം...? ആ വിമര്‍ശനത്തിന് ഫലമുണ്ടാകില്ല. അവന്‍ തെറ്റായ വഴി കാണിച്ചുതരുന്നു. ആ വഴിയെ പോകണോ പോകണ്ടയോ എന്നു തീരുമാനിക്കേണ്ടത് നാമാണ്. നമ്മുടെ തീരുമാനമാണ് നമ്മുടെ ഭാവി നിര്‍ണയിക്കുന്നത്.
രണ്ടാലൊരു വഴിയാണ് നമുക്കു മുന്‍പിലുള്ളത്. ഒന്നുകില്‍ ഡ്രൈവറാവുക. അല്ലെങ്കില്‍ യാത്രക്കാരനാവുക. അവനവന്റെ ജീവിതത്തിന് അവനവന്‍ തന്നെ ഡ്രൈവറായാല്‍ മുന്നില്‍ കണ്ട ലക്ഷ്യത്തിലെത്താം. ഡ്രൈവിങ് സീറ്റ് മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുത്താല്‍ നമ്മളല്ല പിന്നെ ജീവിക്കുന്നത്, അവരാണ്.. നമ്മള്‍ ജീവിച്ചങ്ങനെ പോകുന്നവര്‍ മാത്രമായി അധഃപതിക്കും.. ഒരിക്കലും യഥാര്‍ഥ ജീവിതം ജീവിക്കുന്നവരാകില്ല.
നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ നയിച്ചില്ലെങ്കില്‍ മറ്റാരെങ്കിലും നിങ്ങളെ നയിക്കുമെന്ന വാക്യം മറക്കരുത്. ആരെന്തു പറഞ്ഞാലും എന്തു സംഭവിച്ചാലും നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈയ്യില്‍ തന്നെയിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."