കള്ളവോട്ട്: തെരഞ്ഞെടുപ്പ് ഓഫിസര്‍ പക്ഷംപിടിച്ചുവെന്ന് സി.പി.എം
തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
അന്വേഷണത്തിനുപോലും മുതിരാതെ കള്ളവോട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ ഇടത് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഓഫിസറുടെ തിടുക്കം കണ്ടാല്‍ ആരെയോ സഹായിക്കാന്‍ വേണ്ടിയാണെന്ന തോന്നലാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ മീണക്കെതിരായ നിയമനടപടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് കൈക്കൊള്ളാന്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കല്ല്യാശേരിയിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ടിക്കാറാം മീണ സ്വീകരിച്ച നിലപാടിനെതിരേ കടുത്ത വിമര്‍ശനമാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്.
പ്രാഥമിക അന്വേഷണ സമയത്ത് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട് കലക്ടര്‍ക്ക് മുന്‍പാകെ ഹാജരായി വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ സി.പി.എം നേതാക്കള്‍ക്ക് അവസരം നിഷേധിച്ചതിനെതിരേയും വിമര്‍ശനം ഉയര്‍ന്നു.
ചില മാധ്യമങ്ങള്‍ കള്ളവോട്ടിന്റെ പേരില്‍ പാര്‍ട്ടിക്കെതിരേ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നു.
കണ്ണൂര്‍, വടകര, കാസര്‍കോട്, കോഴിക്കോട് എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് സ്വാധീനമുള്ള ബൂത്തുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും അതാത് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ക്ക് സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."