വിവാഹചെലവ് ചുരുക്കി രണ്ടു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്
കണ്ണൂര്‍: സ്വന്തം മകളുടെ വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടി വെച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി പുതിയ പാഠം രചിച്ചിരിക്കുകയാണ് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപികയായ എ.സി അജിതകുമാരി. മകള്‍ സ്വാതിയുടെയും തൃശൂര്‍ പൂങ്കുന്നം സ്വദേശി ഗസല്‍ രവിയുടേയും വിവാഹം സദ്യ ഉള്‍പ്പെടെ ഒഴിവാക്കി ലളിതമായി നടത്തിയാണ് ഇതിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ബുധനാഴ്ച വിവഹത്തിനു ശേഷം വധൂവരന്‍മാരാണ് ചെക്ക് കൈമാറിയത്.
സംസ്ഥാനം ഇത്രയും വലിയ പ്രളയക്കെടുതി നേരിടുകയും ലക്ഷക്കണക്കിന് ആളുകള്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും ചെയ്യുമ്പോള്‍ ഇതാണ് ചെയ്യേണ്ടത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് എന്ന് അജിതകുമാരി പറയുന്നു. ഭര്‍ത്താവ് ടി.പി രവിക്കും ടീച്ചറുടെ അഭിപ്രായമായിരുന്നു.
ജില്ലയിലെ മുഴുവന്‍ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരും ചേര്‍ന്ന് സമാഹരിച്ച 1,35,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്‍, കണ്‍വീനര്‍മാരായ വി.വി സവിത, ടി.എസ് ഷൈലശ്രീ, പി. വാസന്തി, എ. അനിഷ, കെ. സുലോചന, ജി. കല എന്നിവരാണ് ഇന്നലെ കലക്ടറേറ്റിലെത്തി എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന് തുക കൈമാറിയത്.
ഷാര്‍ജ മാട്ടൂല്‍ കൂട്ടായ്മ (രണ്ടു ലക്ഷം രൂപ), സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹൈ സ്‌കൂളിലെ 1996 എസ് എസ് എല്‍ സി ബാച്ച് (1,30,000 രൂപ), മാലോട്ട് കൂട്ടായ്മ (1,00,333 രൂപ), സ്റ്റേറ്റ് അമ്യൂസ്‌മെന്റ് പാര്‍ക്ക് എംപ്ലോയീസ് യൂണിയന്‍ പറശ്ശിനിക്കടവ് (ഒരു ലക്ഷം രൂപ), കണ്ണൂര്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (ഒരു ലക്ഷം രൂപ), കണ്ണൂര്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ റൂറല്‍ ബാങ്ക് (ഒരു ലക്ഷം രൂപ), സെന്റ് ജോസഫ്‌സ് എച്ച് എസ് എസ്സിലെ അധ്യാപകനായ കെ ജെ ജോണ്‍സണ്‍ മാസ്റ്റര്‍ (ഒരു ലക്ഷം രൂപ) എന്നിവര്‍ കലക്ടറേറ്റിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. പണമായി ലഭിച്ച 6,19,010 രൂപയും ചെക്കായി ലഭിച്ച 3,93,983 രൂയും ഉള്‍പ്പെടെ 10,12,993 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി വെള്ളിയാഴ്ച കലക്ടറേറ്റില്‍ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."