മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍. രാജേഷ് അന്തരിച്ചു
കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗവുമായ എന്‍.രാജേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗം മൂലം നാലു ദിവസമായി കോഴിക്കോട് മിംസില്‍ ചികിത്സയിലായിരുന്നു. 56 വയസ്സായിരുന്നു.
കോഴിക്കോട് പ്രസ് ക്ലബിന്റെ സെക്രട്ടറിയായി വിവിധ കാലയളവില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്തെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു. പരേതരായ റിട്ട.സബ് രജിസ്ട്രാര്‍ കോഴിക്കോട് തൊണ്ടയാട് എന്‍.ഗോപിനാഥിന്റെയും റിട്ട.അധ്യാപിക എം.കുമുദബായിയുടെയും മകനാണ്. ഭാര്യ: പരേതയായ ശ്രീകല. മകന്‍: ഹരികൃഷ്ണന്‍. കോഴിക്കോട് തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്.
കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം (ഐ.സി.ജെ.) ഫാക്കല്‍റ്റിയും കേരള പ്രസ് അക്കാദമി മുന്‍ ഗവേണിങ് കമ്മിറ്റി അംഗവുമാണ്.
കേരളകൗമുദിയിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.1988ല്‍ മാധ്യമത്തില്‍ ചേര്‍ന്ന എന്‍. രാജേഷിന് മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള 1992 ലെ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡും കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 1994 ലെ മുഷ്താഖ് അവാര്‍ഡും ലഭ്ച്ചു. മികച്ച പത്ര രൂപകല്പനക്കുള്ള സ്വദേശാഭിമാനി പുരസ്‌കാരം അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിരിക്കെ ലഭിച്ചു.
മൃതദേഹം ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 45 മിനിറ്റ് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഇന്ന് വൈകീട്ട് ആറു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."