അനധികൃത ക്വാറികള്‍ക്കെതിരേ നടപടി; കോടോം ബേളൂരില്‍ രണ്ട് ക്വാറികള്‍ പൂട്ടിച്ചു
രാജപുരം: മലയോരത്തെ അനധികൃത ക്വാറികള്‍ക്കെതിരേ റവന്യു അധികൃതര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കോടോം ബേളൂര്‍ പഞ്ചായത്തിലെ രണ്ടുക്വാറികള്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ സി. ബിജുവിന്റെ നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തു. തായന്നൂര്‍ വില്ലേജ് പരിധിയില്‍പ്പെട്ട അട്ടക്കണ്ടം, കോളിയാര്‍ എന്നിവിടങ്ങളില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. 11 വാഹനങ്ങളും പിടിച്ചെടുത്തു. ഇതില്‍ ആറ് ടിപ്പറുകള്‍ അമ്പലത്തറ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചു.
മല തുരക്കാനുപയോഗിക്കുന്ന അഞ്ചു യന്ത്രങ്ങള്‍ ക്വാറിയില്‍ സീല്‍ ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. രണ്ടു ക്വാറികളും ബിനാമികളാണ് നടത്തുന്നതെന്ന് അധികൃതര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. അട്ടക്കണ്ടത്ത് ബെന്നി, കോളിയാറില്‍ ടോമി എന്നിവരാണ് ക്വാറികള്‍ നടത്തുന്നതെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത് അറിയാതെയാണ് ക്വാറിയിലേക്ക് കൂട്ടത്തോടെ ടിപ്പറുകളെത്തിയത്. ഇവയാണ് പിടിച്ചെടുത്തത്. ആര്‍.ഡി.യോടൊപ്പം സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍, തായന്നൂര്‍ വില്ലേജ് ഓഫിസര്‍ എസ്. രാജഗോപാലന്‍ എന്നിവരും റെയ്ഡിനെത്തിയിരുന്നു.
അതേ സമയം മലയോരത്ത് ഒട്ടേറെ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഏറെയും വ്യക്തമായ രേഖകളോ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതോ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോടോം ബേളൂര്‍, കിനാനൂര്‍-കരിന്തളം, പനത്തടി, ബളാല്‍ പഞ്ചായത്തുകളില്‍ നിരവധി ക്വാറികളാണുള്ളത്.
പനത്തടി പഞ്ചായത്തില്‍ ഒരു ക്വാറി പ്രവര്‍ത്തിക്കാനുള്ള ഒരുക്കം ചിലര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തിറങ്ങിയതോടെ നീക്കങ്ങള്‍ മന്ദഗതിയിലായിട്ടുണ്ട്. കോടോം ബേളൂരിലെ ഒരു അനധികൃത ക്വാറി ഒരു ഭരണകക്ഷിയുടെ പ്രാദേശിക നേതാവിന്റെ ബിനാമിയായി പ്രവര്‍ത്തിക്കുന്നതാണെന്നും വിവരമുണ്ട്.
ക്വാറിയില്‍ നിന്നു ജലാറ്റിന്‍ സ്റ്റിക്കുകളും വെടി മരുന്നുകളും വയറുകളും പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."