അന്തസുണ്ടെങ്കില്‍ പിണറായി രാജിവച്ചൊഴിയണം: ചെന്നിത്തല
തിരുവനന്തപുരം: അന്തസുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു വ്യതിയാനം നോക്കി നടക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം കാശിക്ക് പോയോ എന്നും സി.പി.ഐക്കാര്‍ മാളത്തിലൊളിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.
നേരത്തേ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. ഇപ്പോള്‍ മന്ത്രി പുത്രനെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നു. വരുംദിവസങ്ങളില്‍ മന്ത്രിപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുളള പദ്ധതിയായ ലൈഫ് മിഷനില്‍ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുളള കാര്യം പുറത്തുവരണം. എല്ലാ കുറ്റങ്ങളും ചെയ്ത മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് തങ്ങളറിയാതെ ഈച്ച പോലും പാറില്ലെന്ന് പറഞ്ഞവരെ തോല്‍പ്പിച്ചതാണെന്നാണ്. ഈച്ചപോലും അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പഠിച്ച കള്ളന്മാര്‍ എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ ധാരാളം കള്ളന്മാര്‍ ഉണ്ട്. താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുന്നു. ജലീലിന് ഇനി രക്ഷപ്പെടാന്‍ കഴിയില്ല. ഗുരുതരമായ കുറ്റങ്ങളും പ്രോട്ടോക്കോള്‍ ലംഘനവും അഴിമതിയും പുറത്തു വന്നിരിക്കുന്നു.
ഒരു മന്ത്രി പുത്രനെതിരേ വന്ന ആരോപണം ഗൗരവതരമാണ്. പാവങ്ങളുടെ പേരിലെ ലൈഫ് മിഷനില്‍ നിന്ന് കമ്മിഷനടിച്ച സ്വപ്നാ സുരേഷുമായി മന്ത്രി പുത്രന് എന്തു ബന്ധമെന്നും മന്ത്രി പുത്രനും കമ്മിഷന്‍ കിട്ടിയോ എന്നതും അറിയേണ്ട കാര്യങ്ങളാണെന്നും ഈ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സെക്രട്ടറിയുടെ മകനേയും മന്ത്രിയേയും ചോദ്യം ചെയ്യുകയും മന്ത്രി പുത്രനിലേക്ക് കാര്യങ്ങള്‍ നീളുകയും ചെയ്യുമ്പോഴാണ് ഇ.ഡിക്ക് രാഷ്ട്രീയ താല്‍പര്യമെന്ന് സി.പി.എമ്മിന് തോന്നിത്തുടങ്ങിയത്. ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."