സര്‍ക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമം; ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്പ്പിക്കുന്നവരല്ല ജനങ്ങള്‍: ക്ഷുഭിതനായി മുഖ്യമന്ത്രി
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന് ഗുണം ഉണ്ടാകുന്നത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടേകാല്‍ ലക്ഷം വീടുകളാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി നല്‍കിയത്.
നേട്ടങ്ങളെ കരിവാരിത്തേക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുകയാണ്. ഇത് നെറികേടിന്റെ ഭാഗമാണ്.ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിര്‍മ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ ഒരു ദിവസ്സത്തെ വാര്‍ത്ത കണ്ട് വിധി കല്‍പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
നാലര വര്‍ഷം കൊണ്ട് കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് വലിയ വളര്‍ച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോന്നി മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്്കരിച്ച യു.ഡി.എഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."