ഈ കുറിപ്പ്, വാര്‍ത്തയ്ക്കു പിന്നാലെ പോകാത്തവര്‍ക്ക്
കഴിഞ്ഞദിവസം ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ മുഖ്യസാരഥി അവിടത്തെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഒരു നിര്‍ദേശം വച്ചു, ''ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു നല്‍കാന്‍ ഞങ്ങള്‍ ഒരു ഭരണസമിതി തീരുമാനമെടുക്കുന്നുണ്ട്. അതു നിങ്ങളെ അറിയിക്കുകയാണ്.''
ഇതുകേട്ട ജീവനക്കാരിലൊരാള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു, ''ഞങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്കു കൊടുക്കുന്നതിനു ഭരണസമിതി തീരുമാനമെടുക്കുന്നതിന്റെ സാംഗത്യമെന്താണ്. നിങ്ങള്‍ പ്രതിഫലം കൊടുക്കുന്ന കാര്യം തീരുമാനിച്ചാല്‍ പോരേ. മുഖ്യമന്ത്രി പോലും ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ഥിക്കുക മാത്രമല്ലേ ചെയ്തിട്ടുള്ളൂ.''
അതിന് ആ ജനപ്രതിനിധിയുടെ മറുപടി ഇങ്ങനെയായിരുന്നു, ''ആരോരുമറിയാതെ നിങ്ങള്‍ ശമ്പളം വിട്ടുകൊടുത്തിട്ടെന്തു കാര്യം. ഇതു സംബന്ധിച്ച് ഒരു ഭരണസമിതി തീരുമാനമെടുത്തു മാധ്യമങ്ങള്‍ക്കു നല്‍കിയാല്‍ നാലാളുകള്‍ അറിയും, നിങ്ങളും ഞങ്ങളുമെല്ലാം വല്ലതുമൊക്കെ ചെയ്തിട്ടുണ്ടെന്ന്.''
ഈ ജനപ്രതിനിധിയുടെ മനോഭാവം ഒറ്റപ്പെട്ടതല്ല, ഇതാണു നമ്മുടെ നാടിന്റെ സ്വഭാവം. നാഴൂരി അരി കൊടുക്കുന്നതിനും നാലായിരം പേരെ ക്ഷണിച്ചുവരുത്തി കെങ്കേമമായ ചടങ്ങു നടത്തണം. 'ഞങ്ങളും ഞങ്ങളും ഇന്നതൊക്കെ ചെയ്തു'വെന്നു വരുത്തി അതു പത്രത്തിലും ചാനലിലുമൊക്കെ വരുത്തണം. ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രളയകാലത്തേക്കാള്‍ മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ചു പത്രക്കാര്‍ വലഞ്ഞുപോയത് അതിനു പിന്നാലെ വന്ന ദുരിതാശ്വാസപ്രവര്‍ത്തന കാലത്താണ്.
ദിവസവും പലയിടത്തുനിന്നുമായി കെട്ടുകണക്കിനു സഹായപ്രവര്‍ത്തന ഫോട്ടോകളും വാര്‍ത്തകളുമാണു വരിക. ഓരോന്നും കൊടുക്കാന്‍ കടുത്ത സമ്മര്‍ദ്ദങ്ങളുമുണ്ടാകും. സ്ഥലപരിമിതി മൂലം ഏതെങ്കിലുമൊക്കെ കൊടുക്കാന്‍ കഴിയാതെ വന്നാല്‍ പിറ്റേന്ന് ഇരിക്കപ്പൊറുതിയുമുണ്ടാകില്ല. അന്നും അതിനു മുമ്പും പ്രസിദ്ധീകരിച്ച കാരുണ്യപ്രവൃത്തി വാര്‍ത്തകളേക്കാള്‍ പതിന്മടങ്ങു മൂല്യമുള്ളതാണ് തങ്ങള്‍ നടത്തിയതെന്നു സ്ഥാപിക്കാന്‍ പലരും ആവശ്യത്തിലേറെ സമയം ചെലവഴിക്കും.
ഇത്തരം അനുഭവങ്ങള്‍ക്കിടയിലാണ് അത്ഭുതകരമായ മറ്റൊരനുഭവമുണ്ടായത്.
പ്രളയക്കെടുതി ഏറ്റവും ഭീകരമായി ബാധിച്ച വയനാട്ടിലേയ്ക്ക് അധികാരികളും മാധ്യമങ്ങളും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി പതിവായി കേട്ടുകൊണ്ടിരിക്കെയാണ് ഒരിക്കല്‍ ഒരു സുഹൃത്ത് ഫോണില്‍ ഇങ്ങനെ പറഞ്ഞത്, ''ബാണാസുരസാഗറിലെ വെള്ളപ്പാച്ചില്‍ നക്കിത്തുടച്ച വയനാട്ടുകാരെ രക്ഷിക്കാന്‍ പുറത്തുനിന്നാരും ഏതായാലും എത്തുന്നില്ല. എന്നാല്‍, ഇവിടെ ആ വിഖായയുടെ കുട്ടികള്‍ കൈയും മെയ്യും മറന്നു രാപ്പകല്‍ പ്രവര്‍ത്തിക്കുന്നതു കാണാന്‍ നിങ്ങളുടെ പത്രത്തിലുള്ളവര്‍ക്കുപോലും കണ്ണില്ലേ. ഒന്നുമില്ലെങ്കിലും, അവര്‍ സമസ്തയുടെ കീഴിലെ സേവനപ്രവര്‍ത്തകരല്ലേ.''
അമുസ്‌ലിമായ ആ സുഹൃത്ത് പിന്നീട് വിഖായ പ്രവര്‍ത്തകര്‍ വയനാട്ടില്‍ ചെയ്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. അതെല്ലാം അദ്ദേഹം കണ്ടതും കേട്ടതുമായ കാര്യങ്ങളായിരുന്നു. ഒന്നല്ല ഒട്ടേറെ ദിവസം വിശദമായ വാര്‍ത്തയായി നല്‍കാവുന്ന സേവനപ്രവര്‍ത്തനങ്ങള്‍.
ഫോണ്‍ സംഭാഷണം അവസാനിച്ചപ്പോള്‍ കാതില്‍ മായാതെ നിന്നത് അദ്ദേഹത്തിന്റെ ആ ചോദ്യമായിരുന്നു, 'ആ കാരുണ്യപ്രവര്‍ത്തനം കാണാന്‍ നിങ്ങളുടെ പത്രത്തിനും കണ്ണില്ലാതെ പോയല്ലോ.' ഉടനെ വയനാട് ലേഖകനായ നിസാമിനെ വിളിച്ചു, ഇത്തരമൊരു സംഭവം നടന്നിട്ടും അതു വാര്‍ത്തയാക്കാത്തതിനെക്കുറിച്ച് ഇത്തിരി പരുഷമായി ചോദിച്ചു. ഉടനെ, പ്രളയരംഗത്തെ വിഖായപ്രവര്‍ത്തകരുടെ സേവനം സംബന്ധിച്ച വാര്‍ത്ത വേണമെന്നു നിര്‍ദേശിച്ചു.
ലേഖകന്റെ മറുപടി കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. ''വിഖായ പ്രവര്‍ത്തകര്‍ സേവനരംഗത്തിറങ്ങിയെന്നു പറഞ്ഞുകേട്ട് ആദ്യദിവസം തന്നെ ഞാന്‍ അവിടെ പോയതാണ്. അവരുടെ ലീഡറോടു നേരിട്ടു സംസാരിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.''
''എന്നിട്ടുമെന്തേ വാര്‍ത്ത നല്‍കിയില്ല''
''വാര്‍ത്ത കൊടുക്കരുതെന്നു പറഞ്ഞു.''
''ആര്.., ആരാണങ്ങനെ പറഞ്ഞത്.''
''അവര്‍ തന്നെ, വിഖായ വളണ്ടിയര്‍മാര്‍. തങ്ങള്‍ സേവനപ്രവര്‍ത്തനം നടത്തുന്നതു വാര്‍ത്തയാക്കാന്‍ വേണ്ടിയല്ലെന്നും തങ്ങളുടെ കടമ നിറവേറ്റുകയാണെന്നും അവര്‍ പറഞ്ഞു.''
നിസാമിന്റെ മറുപടി കേട്ടപ്പോള്‍ അത്ഭുതം അടക്കാനായില്ല,
ഇങ്ങനെയും മനുഷ്യരുണ്ടാകുമോ. വിഖായ പ്രവര്‍ത്തകര്‍ക്കു താല്‍പ്പര്യമില്ലെന്നറിഞ്ഞിട്ടും പിറ്റേന്ന് അവരുടെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചു സുപ്രഭാതത്തില്‍ നല്ലൊരു വാര്‍ത്ത കൊടുത്തു. അര്‍ഹിക്കുന്നവരെ ആദരിക്കാതിരിക്കാന്‍ പാടില്ലല്ലോ.
ദിവസങ്ങള്‍ക്കുശേഷം ഒരു ചടങ്ങിനിടയില്‍ സുഹൃത്തായ സത്താര്‍ പന്തല്ലൂരിനെ കണ്ടപ്പോള്‍ വിസ്മയിപ്പിച്ച ഈ അനുഭവം അദ്ദേഹത്തോടു പറഞ്ഞു.
''രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ഇറങ്ങുമ്പോള്‍ പബ്ലിസിറ്റിക്കു പിന്നാലെ പായരുതെന്നു വിഖായ പ്രവര്‍ത്തകര്‍ക്കു കര്‍ക്കശമായ നിര്‍ദേശം കൊടുത്തിരുന്നു.'', അദ്ദേഹം പറഞ്ഞു. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു, ''ഒരു കൈകൊണ്ട് അശരണനെ താങ്ങുമ്പോള്‍ മറുകൈ കൈകൊണ്ടു സെല്‍ഫിയെടുക്കുന്ന ഭ്രാന്തമായ കാഴ്ചകള്‍ നമ്മള്‍ നിത്യവും കാണുന്നതല്ലേ. അതു വൃത്തികേടാണ്.
ചില രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ. കാമറയ്ക്കു മുമ്പില്‍ പോസ് ചെയ്യാന്‍ വേണ്ടി മാത്രം അവര്‍ തൂമ്പയും മറ്റുമായി രംഗത്തുവരും. ഫോട്ടോ എടുക്കുന്നതോടെ എല്ലാ സേവനവും അവസാനിക്കും. ആ സ്വഭാവം ഇപ്പോള്‍ നാട്ടുകാരിലേയ്ക്കു കൂടി വ്യാപിച്ചിരിക്കുന്നു. എന്തു ചെയ്യുന്നുവെന്നതിലല്ല, അതിനെത്ര പബ്ലിസിറ്റി കിട്ടുന്നുവെന്നതിലാണ് മിക്കവര്‍ക്കും കണ്ണ്. അവരാണ് ചെയ്ത സേവനത്തിന്റെ നൂറു മടങ്ങ് വാതോരാതെ പറഞ്ഞു പരത്തി പബ്ലിസിറ്റി നേടിക്കൊണ്ടിരിക്കുന്നത്. അത്തരക്കാരുടെ കൂട്ടത്തില്‍ വിഖായ പ്രവര്‍ത്തകര്‍ വേണ്ടെന്നു തോന്നി.''
സത്താറുമായി സംസാരിച്ചപ്പോഴാണ് വിഖായ പ്രവര്‍ത്തകര്‍ ഈ പ്രളയകാലത്തു നടത്തിയ സേവനപ്രവര്‍ത്തനങ്ങളുടെ അത്ഭുതപ്പെടുത്തുന്ന വ്യാപ്തി അറിയാനായത്.
പ്രളയദുരന്തത്തിന്റെ ആദ്യനാളുകളില്‍ മണ്ണിടിച്ചിലുണ്ടായ കരിഞ്ചോലമലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ വിഖായപ്രവര്‍ത്തകരുണ്ടായിരുന്നു. പ്രവര്‍ത്തകരുടെ സമര്‍പ്പണമനോഭാവവും ഊര്‍ജസ്വലതയും കണ്ട നേതൃത്വം കോഴിക്കോട്ടുവച്ചു അവര്‍ക്കായി ദുരന്തനിവാരണ സേവനത്തില്‍ പ്രത്യേക പരിശീലനം നല്‍കി. പിന്നീട് വിവിധ ദുരന്ത, ദുരിതമുഖങ്ങളിലേയ്ക്ക് അയച്ചു.
തുടര്‍ന്നങ്ങോട്ട് വിഖായ പ്രവര്‍ത്തകര്‍ കണ്ണൂര്‍ മുതല്‍ ഇടുക്കി വരെയുള്ള പ്രളയബാധിതപ്രദേശങ്ങളില്‍ സജീവസാന്നിധ്യമായി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ,കൊടക് ജില്ലകളിലും അവര്‍ ഓടിയെത്തി. സുള്ള്യ പ്രദേശത്ത് നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയത് വിഖായ വളണ്ടിയര്‍മാരായിരുന്നു.
അതില്‍ സന്തോഷിച്ചു കര്‍ണ്ണാടക മന്ത്രി സമീര്‍ അഹ്മദ് അവര്‍ക്ക് ഉംറ തീര്‍ഥാടനത്തിനുള്ള അവസരമൊരുക്കി. കളമശ്ശേരി മുനിസിപ്പാലിറ്റി വിഖായപ്രവര്‍ത്തകരെ പ്രത്യേകമായി ആദരിച്ചു.
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലെന്ന പോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വിഖായപ്രവര്‍ത്തകര്‍ സജീവമായിരിക്കുമെന്ന് അവര്‍ പറയുന്നു. പ്രതിഫലമിച്ഛിക്കാതെ സേവനം ചെയ്യുക എന്ന പ്രവാചക മാതൃക പിന്‍പറ്റുന്നവരാണു തങ്ങളെന്ന് അവര്‍ പറയുന്നു. അക്കാര്യത്തില്‍ സംശയം വേണ്ട. കാരണം, വിഖായ എന്ന പദത്തിനര്‍ഥം 'കരുതല്‍' എന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."