ഈന്തപ്പഴത്തിന്റെ മറവിലും സ്വര്‍ണക്കടത്ത്; പിണറായി പറഞ്ഞതുപോലെ നെഞ്ചിടിപ്പ് കൂടിയത് കോടയേരി, ജലീല്‍, ഇ.പി ജയരാജന്‍ എന്നിവരുടേത്: ചെന്നിത്തല
തിരുവനന്തപുരം: ഈന്തപ്പഴത്തിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ സ്വര്‍ണക്കടത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 17000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്തിനാണ് ഇത്രയും ഈന്തപ്പഴം കോണ്‍സുലേറ്റിന്? ഈന്തപ്പഴത്തിന്റെ മറവില്‍ സ്വര്‍ണക്കടത്താണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയാതെ ഇതൊന്നും കൊണ്ടുവരാന്‍ പറ്റില്ല. ഇവിടെ എംബസി ഇല്ലാത്തതിനാല്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത് പ്രോട്ടോകോള്‍ ഓഫിസറാണ്. സ്വര്‍ണക്കടത്തില്‍ പ്രോട്ടോകോള്‍ ഓഫിസറുടെ പങ്ക് എന്താണെന്ന് വളരെ ഗൗരവപൂര്‍വ്വം അന്വേഷിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ.പി ജയരാജന്റെയും കെ.ടി ജലീലിന്റെയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. അന്വേഷണം മുറുകുമ്പോള്‍ ചിലരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനും കെ.ടി.ജലീലിനും ഇ.പി.ജയരാജനുമാണ് നെഞ്ചിടിപ്പ് വര്‍ധിച്ചത്' -അദ്ദേഹം പറഞ്ഞു.
എന്തിനാണ് ക്വാറന്റീനില്‍ കഴിയുന്ന ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ പരിശോധിച്ചത്. എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇ.പി.ജയരാജന്‍ പറയണം. മകന് സ്വപ്‌ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതന്നും ഭാര്യ ലോക്കറില്‍ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും ജയരാജന്‍ പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ആളുകള്‍ക്ക് കുടപിടിച്ചിട്ട് അത് പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക് നേരെ ആക്രോശിച്ചിട്ട് കാര്യമില്ല. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."