കുറ്റിലക്കടവ് നടപ്പാലം എം.എല്‍.എ സന്ദര്‍ശിച്ചു
കയ്പമംഗലം: വര്‍ഷങ്ങളായി ശോചനീയാവസ്ഥയില്‍ കിടക്കുന്ന പെരിഞ്ഞനം, പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റിലക്കടവ് നടപ്പാലത്തില്‍ നാട്ടുകാരില്‍ പ്രതീക്ഷയുണര്‍ത്തി ഇ.ടി.ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ സന്ദര്‍ശനം. കാലങ്ങളായി സഞ്ചരിക്കാന്‍ കഴിയാത്ത വിധം നടപ്പാലം അപകടാവസ്ഥയില്‍ തകര്‍ന്നു കിടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് എം.എല്‍.എയും പെരിഞ്ഞനം പഞ്ചായത്ത് അധികൃതരും പാലം സന്ദര്‍ശിച്ചത്. ഇരുമ്പില്‍ നിര്‍മിച്ച പാലത്തിന്റെ തൂണുകളും താഴെയിട്ടിരിക്കുന്ന ഷീറ്റുകളും തുരുമ്പെടുത്ത് നശിക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്.സ്‌കൂള്‍, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം, പൊന്‍മാനിക്കുടം ജുമുഅ മസ്ജിദ് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികളടക്കം നൂറ് കണക്കിന് ആളുകളാണ് കനോലി കനാലിന്റെ മറുകരയില്‍ നിന്ന് സഞ്ചാര മാര്‍ഗമായി കുറ്റിലക്കടവ് നടപ്പാലത്തെ ആശ്രയിക്കുന്നത്. പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കിലോമീറ്റര്‍ ചുറ്റി വളഞ്ഞാണ് ഇരു കരകളിലേക്കുമുള്ളവര്‍ യാത്ര ചെയ്യുന്നത്.
പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് വിദ്യാര്‍ഥികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് നിരവധി തവണ നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
പാലത്തിന്റെ അപകടാവസ്ഥ മനസിലാക്കാന്‍ ഇന്നലെ എം.എല്‍.എ. നേരിട്ടെത്തിയതോടെ നാട്ടുകാരില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.
പാലത്തിന് ബലക്ഷയമില്ലെന്നും തുരുമ്പെടുത്ത പാലത്തിന്റെ തൂണുകളും ഷീറ്റുകളും ഉടന്‍ തന്നെ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുമെന്നും എം.എല്‍.എ.യും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്തും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."