സംസ്ഥാന പുനര്‍നിര്‍മാണത്തില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണം: ഡോ. മാധവ് ഗാഡ്ഗില്‍
കൊച്ചി: കേരളത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണം നടത്തുന്നത് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയാകണമെന്നു ഡോ. മാധവ് ഗാഡ്ഗില്‍. മാനവ സംസ്‌കൃതി എറണാകുളം വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമകാലിക പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതകളാണെന്ന് അംഗീകരിക്കുന്നുണ്ട്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അപ്രായോഗികമാണെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല. ഇവര്‍ നിലവിലെ നിയമങ്ങളെ അട്ടിമറിക്കുന്നതിനെതിരേ മൗനം പാലിക്കുന്നു. വികസനം പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കേണ്ടതല്ല. നാടിന്റെ ആവശ്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും മാനിച്ചാകണം വികസനമെന്നും ഇത്തരത്തില്‍ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
തിടുക്കത്തിലുള്ള സ്രോതസുകളുടെ ഉപയോഗം പ്രകൃതിയെ നശിപ്പിക്കും. പ്രകൃതി ചൂഷണം തടയുന്നതില്‍ ഭരണത്തിലിരിക്കുന്നവര്‍ പൂര്‍ണമായും പരാജയപ്പെട്ടത് നാടിനു തിരിച്ചടിയായി. മലയോര മേഖലയിലെ ഖനനത്തിനു പ്രകൃതിസൗഹൃദമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി തോമസ് എം.എല്‍.എ അധ്യക്ഷനായി. അഡ്വ. ഹരീഷ് വാസുദേവന്‍, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."