ഫാക്ട് മാനേജ്‌മെന്റ് പട്ടികജാതി ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതായി ആക്ഷേപം
കൊച്ചി: ദേശീയ പട്ടിക ജാതി കമ്മിഷന്റെ ഉത്തരവുകളും കോടതി വിധികളും നടപ്പാക്കാതെ പട്ടികജാതി ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയുമാണ് ഫാക്ട് മാനേജ്‌മെന്റ് ചെയ്യുന്നതെന്ന് ആരോപണം.
പട്ടികജാതി,പട്ടികവര്‍ഗ സംരക്ഷണ മുന്നണി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. മാനേജ്‌മെന്റിന്റെ നിയമ വിരുദ്ധ നടപടികള്‍ക്കെതിരേ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ നിഷേധിക്കുകയും ഒപ്പം അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ സര്‍വിസില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിനെതിരേ ഹൈക്കോടതിയില്‍ നിന്നും ദേശീയ പട്ടികജാതി കമ്മിഷനില്‍ നിന്നും സമ്പാദിച്ച ഉത്തരവുകള്‍ മാനേജ്‌മെന്റ് അവഗണിക്കുകയാണ് . അര്‍ഹതപ്പെട്ട പ്രമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവച്ച മാനേജ്മന്റിനെതിരേ അനില്‍കുമാര്‍ രാഘവന്‍ എന്ന ജീവനക്കാരന്‍ ഏലൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംരക്ഷണ മുന്നണി നിയമ ഉപദേശകന്‍ അഡ്വ. പി.എ ചന്ദ്രന്‍, കോ-ഓഡിനേറ്റര്‍ വി.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം അനില്‍കുമാര്‍ രാഘവനെ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഒരു ഡിവിഷനിലേക്ക് സ്ഥലംമാറ്റുകയാണുണ്ടായതെന്ന് മാനേജ്‌മെന്റ് വക്താവ് പ്രതികരിച്ചു.ഇത് കമ്പനിയുടെ സേവന നിയമം അനുശാസിക്കുന്ന നടപടിയാണെന്നും അതുകൊണ്ട് തന്നെ പൊലിസില്‍ പരാതിപ്പെടാനുണ്ടായ സാഹചര്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.ഇയാളെ അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തേ കമ്പനി പിരിച്ചു വിട്ടിരുന്നതാണെന്നും എന്നാല്‍ മാനുഷികപരിഗണനനല്‍കി മുന്‍ ചെയര്‍മാന്‍ തിരിച്ചെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."