സമസ്ത: സ്കൂള്‍വര്‍ഷ പൊതുപരീക്ഷാ പുനഃപരിശോധനാഫലം പ്രസിദ്ധീകരിച്ചു
ചേളാരി: 2019 മാര്‍ച്ച് 30, 31 തിയതികളില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് നടത്തിയ സ്കൂള്‍വര്‍ഷ പൊതുപരീക്ഷയുടെ പുനഃപരിശോധനാഫലം പ്രസിദ്ധീകരിച്ചു. ഫലം www.samastha.info, www.result.samastha.info എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
കരിപ്പൂരില്‍നിന്ന് ജൂലൈ ആറ് മുതല്‍ ഹജ്ജ് സര്‍വിസ് ആരംഭിക്കും
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍നിന്ന് ജൂലൈ ആറിനും നെടുമ്പാശ്ശേരിയില്‍നിന്ന് ജൂലൈ 14നും ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നെടുമ്പാശ്ശേരിയിലെ ഹജ്ജ് സര്‍വിസ് സംബന്ധിച്ച് സിയാലുമായി കൂടിക്കാഴ്ച നടത്തിയതായി ചെയര്മാന് പറഞ്ഞു. കരിപ്പൂരില്‍ ഏഴാം തിയതി എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ഹജ്ജ് കമ്മിറ്റി കൂടിക്കാഴ്ച നടത്തും.
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ ജൂലൈ ആറ് മുതലാണ് ആരംഭിക്കുക. ജൂലൈ 22 വരെയുള്ള ദിവസങ്ങളില്‍ 32 സര്‍വിസുകളാണ് സഊദി എയര്‍ലൈന്‍സ് കരിപ്പൂരില്‍നിന്ന് നടത്തുക. 10,464 പേരാണ് കരിപ്പൂരില്‍നിന്ന് ഹജ്ജിന് പുറപ്പെടുന്നത്. കരിപ്പൂരില്‍ നിന്നുള്ള സര്‍വിസുകള്‍ നേരിട്ട് മദീനയിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ ഹജ്ജ്് ക്യാംപില്‍നിന്ന് ഇഹ്റാം വേഷത്തില്‍ ആയിരിക്കില്ല തീര്‍ഥാടകര്‍ പുറപ്പെടുക. മദീനയിലെത്തിയതിന് ശേഷമാണ് തീര്‍ഥാടകര്‍ ഇഹ്റാമില്‍ പ്രവേശിക്കുക. കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വിസ് 2014ന് ശേഷമാണ് പുനരാരംഭിക്കുന്നത്. സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഏഴാം തിയതി വിമാനത്താവള ഡയരക്ടര്‍, എമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഹജ്ജ് കമ്മിറ്റി ചര്‍ച്ച നടത്തും. തീര്‍ഥാടകര്‍ക്കുള്ള ടെര്‍മിനല്‍ സൗകര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
നെടുമ്പാശ്ശേരിയില്‍ ജൂലൈ 14 മുതല്‍ 17 വരെയാണ് ഹജ്ജ് സര്‍വിസ്. ദിനേന രണ്ടു വിമാനങ്ങളാണ് എയര്‍ഇന്ത്യ ക്രമീകരിച്ചിരിക്കുന്നത്. ആദ്യവിമാനം ഉച്ചക്ക് രണ്ടിനും രണ്ടാമത്തെ വിമാനം വൈകുന്നേരം 4നും പുറപ്പെടും. 330 തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന വിമാനമാണ് എയര്‍ഇന്ത്യ സര്‍വിസിനായി ഉപയോഗിക്കുക. 2730 പേരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്ന് ഹജ്ജിന് പോകുന്നത്. മദീനയിലേക്കാണ് ഇവിടെനിന്നും സര്‍വിസ്.
ഈ വര്‍ഷം കേരളത്തില്‍നിന്ന് 13,194 പേര്‍ക്കാണ് ഇതുവരെയായി അവസരം കൈവന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിച്ച വര്‍ഷമാണിത്. തീര്‍ഥാടകരില്‍ 1199 പേര് 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. മെഹ്റമില്ലാത്ത സ്ത്രീകളുടെ കാറ്റഗറിയില്‍ 2011 പേരും കൂടാതെ 12 കുട്ടികളും സംഘത്തില്‍ ഉണ്ട്.
ഹജ്ജ് കമ്മിറ്റി യോഗത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ.മഖ്സൂദ് അഹമ്മദ് ഖാന് മുഖ്യാതിഥിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി അധ്യക്ഷനായി. ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാകലക്ടറുമായ അമിത് മീണ, സി.മുഹ്സിന് എം.എല്‍.എ, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എച്ച്.മുസമ്മില്‍ ഹാജി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പി.കെ അഹമ്മദ്, കാസിം കോയ പൊന്നാനി, പി.അബ്ദുറഹിമാന്, അനസ് ഹാജി, ടി.കെ.അബ്ദുറഹിമാന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."