എസ്.എഫ്.ഐ സമരം: തൃക്കരിപ്പൂര്‍ പോളി അനിശ്ചിതകാലത്തേക്ക് അടച്ചു
തൃക്കരിപ്പൂര്‍: എസ്.എഫ്.ഐ സമരത്തെ തുടര്‍ന്ന് തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ ഗവ. പോളിടെക്‌നിക്ക് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ അനുവദിച്ച മുറി തുടര്‍ന്നും അനുവദിക്കണമെന്നാവശ്യപ്പെട്ടാണു ഇന്നലെ സമരത്തിനു തുടക്കം കുറിച്ചത്.
യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍പ് അനുവദിച്ച മുറി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ പൂട്ടുകയയിരുന്നു.
യൂനിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടിയിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ ആക്രമിക്കുന്നതായും പുറത്തുനിന്നുള്ളവര്‍ എത്തി മുറിയില്‍ തങ്ങുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ അധ്യയന വര്‍ഷം എം.എസ്.എഫ് വിദ്യാര്‍ഥികളെ അക്രമിച്ചു പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഏതാനും എസ്.എഫ്.ഐപ്രവര്‍ത്തകരെ കോളജില്‍ നിന്നു സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്നു പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അധ്യാപക വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗവും ചേര്‍ന്നിരുന്നു.
ഈ യോഗത്തില്‍ പുറത്താക്കിയവരെ തിരിച്ചെടുക്കാനും ഇനിമുതല്‍ യൂനിയന്‍ പ്രവര്‍ത്തനത്തിന് മുറി അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥ ലംഘിക്കുന്നതാണ് എസ്.എഫ്.ഐക്കാരുടെ സമരമെന്നാണ് ആരോപണം.
പുലര്‍ച്ചെ കോളജ് പരിസരത്ത് എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിനെ ഗെയിറ്റ് അടച്ചിട്ട് വിദ്യാര്‍ഥികളെ അകത്തു കടക്കാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു.
ഇത് അക്രമത്തില്‍ കലാശിക്കുമെന്ന ആശങ്കയുണ്ടായതോടെയാണ് കോളജ് അധികൃതര്‍ അനിശ്ചിതകാലത്തേക്കു കോളജ് അടച്ചിടാന്‍ തീരുമാനിച്ചു. 27നു പി.ടി.എ കമ്മിറ്റി ജനറല്‍ ബോഡിയോഗവും ചേരും.
ഇന്നലെ കോളജ് സ്റ്റാഫ് യോഗത്തിലും യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുറി അനുവദിക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."