ചിറ്റൂരില്‍ 40000 ഏക്കറിലെ നെല്‍ കൃഷി അവതാളത്തില്‍
പാലക്കാട് : മൂലത്തറ ഡാമിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതോടെ ചിറ്റൂര്‍ താലൂക്കിലെ 40,000 ഏക്കറിലെ നെല്‍കൃഷി അവതാളത്തിലായി. മൂന്ന് തവണ തകര്‍ന്ന മൂലത്തറ ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ആറു മാസത്തോളമായെങ്കിലും ഇതുവരെ നാല്‍പതു ശതമാനം പണികള്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് ചിറ്റൂര്‍പുഴ ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്നലെ നടന്ന ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.
മഴക്ക് മുന്‍പ് തന്നെ പണികള്‍ നിര്‍ത്തിവെച്ചെങ്കിലും,തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കരാറുകാരന്‍ തയാറായിട്ടില്ല. അന്‍പത് കോടിയോളം ചെലവിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. ഇപ്പോള്‍ ഡാമിന്റെ ഇടതുകരകനാല്‍ ഭാഗത്തെ പണികളും,വലതുകര കനാല്‍ ഭാഗത്തെ പണികള്‍ മാത്രമാണ് ഭാഗികമായി നടത്തിയിട്ടുള്ളത്.
ചിറ്റൂര്‍,നെമ്മാറ നിയോജക മണ്ഡലങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിനുമായി മൂലത്തറയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. പണികള്‍ സ്തംഭിച്ചതോടെ ഇടത ,വലത് കനാല്‍ പ്രദേശത്തെ രണ്ടാം വിളയിറക്കല്‍ നടക്കുമോ എന്ന ആശങ്കയിലാണെന്ന് എം.എല്‍.എമാരായ കെ. കൃഷ്ണന്‍കുട്ടിയും,കെ.ബാബുവും വികസന സമിതി യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇടതു കനാലിനു കുറുകെ മണ്ണിട്ട് താല്‍ക്കാലിക റോഡ് നിര്‍മിച്ചതിനാല്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിടാന്‍ കഴിയാത്ത അവസ്ഥയുണ്ട്.
നാട്ടിലെങ്ങും പ്രളയമുണ്ടായപ്പോള്‍ മൂലത്തറയിലെത്തിയ വെള്ളം മുഴുവന്‍ പുഴയിലേക്ക് തുറന്നു വിടുകയായിരുന്നു. ഇപ്പോള്‍ കമ്പാലത്തറയില്‍ വെള്ളം ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം വിള കൃഷിക്ക് വെള്ളം വിടാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇതിനിടയിലാണ് കരാറുകാരന്‍ പണികള്‍ നിറുത്തിവെച്ചത്. ഏപ്രില്‍ മാസത്തിനുള്ളില്‍ പണിപൂര്‍ത്തീകരിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇപ്പോഴെത്തെ അവസ്ഥയില്‍ പോയാല്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മൂലത്തറയിലെ പണികളെക്കുറിച്ചു് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും കരാറുകാരന്‍ പങ്കെടുത്തില്ലെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വികസന സമിതി യോഗത്തെ അറിയിച്ചു.പറഞ്ഞ സമയത്തിനകം പണി പൂര്‍ത്തീകരിക്കാതിരുന്നാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശിപാര്‍ശ ചെയ്യണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ചിറ്റൂര്‍ പുഴ പദ്ധതി, ഗായത്രി, വാളയാര്‍ പ്രോജക്റ്റുകള്‍ക്ക് കീഴിലുമായി പ്രളയത്തില്‍ 13 .61കോടിരൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കനാലുകള്‍ തകര്‍ന്നതിനാല്‍ മിക്കയിടത്തും കൃഷിക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട് . അടിയന്തിരമായി തകര്‍ന്ന പാലങ്ങള്‍, കനാലുകള്‍ ,തോടുകള്‍ എന്നിവ നന്നാക്കിയില്ലെങ്കില്‍ ജില്ലയിലെ ഒരുലക്ഷം ഏക്കറില്‍ രണ്ടാംവിള നെല്‍കൃഷി ചെയ്യാന്‍ കഴിയില്ലെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."