കേന്ദ്ര സഹായം വര്‍ധിപ്പിക്കാന്‍ ഇടപെടും: ഗുലാം നബി ആസാദ്
പെരിങ്ങാവ് കൊടപ്പുറത്തും ഐക്കരപ്പടി പൂച്ചാലിലും ഗുലാം നബി ആസാദ് സന്ദര്‍ശിച്ചു
മഞ്ചേരി: പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് കരകയറാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം അപര്യാപ്തമാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഗുലാം നബി ആസാദ്. ഉരുള്‍പൊട്ടലില്‍ ഏഴു പേര്‍ മരിച്ച ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഒടക്കയത്തെ വിവിധയിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിനുള്ള സഹായധനം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിക്കും. ദുരിതബാധിതരായവരുടെ കുടുംബത്തിനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ പദ്ധതി ഒരുക്കണം. ദുരിതമനുഭവിക്കുന്നവരുടെ കുട്ടികളുടെ പഠനചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹം ഓടക്കയത്ത് എത്തിയത്. വീടും സ്ഥലവും നഷ്ടമായതിനെ തുടര്‍ന്ന് ഓടക്കയം സാംസ്‌ക്കാരിക കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ച പ്രേമന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മാതാപിതാക്കള്‍ നഷ്ടമായ വിഭീഷിനെ ആശ്വസിപ്പിച്ചു.
കൊണ്ടോട്ടി: കഴിഞ്ഞ മാസം 15ന് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് 12 പേര്‍ മരണപ്പെട്ട ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറത്തും ഐക്കരപ്പടി പൂച്ചാലിലും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സന്ദര്‍ശനം നടത്തി. ദുരന്ത സ്ഥലങ്ങളും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടിയ അദ്ദേഹം ബന്ധുക്കളെ ആശ്വസിപ്പിച്ചു.
കൊടപ്പുറത്ത് അപകടത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ട മുഹമ്മദലിയേയും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ മാതാപിതാക്കളും സഹോദരനും നഷ്ടപ്പെട്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്ത ഐക്കരപ്പടി പൂച്ചാലിലെ കണ്ണനാരി ഉവൈസ്, ഉനൈസ് എന്നിവരോടും അദ്ദേഹം വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.
എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ്, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കെ.പി.സി സെക്രട്ടറിമാരായ കെ.പി അബ്ദുല്‍ മജീദ്, വി.എ. കരീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ കരീം, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.കെ അബ്ദുറഹ്മാന്‍, സറീന ഹസീബ്, പി.ആര്‍ രോഹില്‍നാഥ്, ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ സിന്ദു, അംഗങ്ങളായ പി.വി.എ ജലീല്‍, ബഷീര്‍ പൂച്ചാല്‍, പി.കെ അബ്ദുല്ലക്കോയ, ബദറു പേങ്ങാട് തുടങ്ങിയവര്‍ വിവിധയിടങ്ങളിലായി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."