തുറക്കാനാവാതെ പയ്യാമ്പലം പാര്‍ക്ക്
കണ്ണൂര്‍: പയ്യാമ്പലം പാര്‍ക്കിന്റെ തുടര്‍ പ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്ക്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലും അന്തിമ തീരുമാനമായില്ല. കോര്‍പറേഷനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
യോഗത്തില്‍ 15ന് മുന്‍പ്കൗണ്‍സില്‍ യോഗം ചേര്‍ന്ന് വിഷയത്തില്‍ തീരുമാനം എടുക്കാമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോര്‍പറേഷന്‍ മേയര്‍.
ദിനം പ്രതി നിരവധി പേര്‍ വന്നു പോകുന്ന പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള പാര്‍ക്കാണ് അധികൃതര്‍ തമ്മിലുളള തര്‍ക്കത്തില്‍ നശിച്ചു പോകുന്നത്. നിലവില്‍ പേരിനു മാത്രമാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം.
ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ പാര്‍ക്കിന്റെ നവീകരണത്തിനായി നിരവധി പദ്ധതികള്‍ രൂപീകരിക്കുന്നുണ്ടെങ്കിലും കോര്‍പ്പറേഷന്‍ ലൈസന്‍സ് കിട്ടാത്തതിനാല്‍ പദ്ധതികളൊന്നും നടപ്പിലാക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നാണ് ഡി.ടി.പി.സി അധികൃതര്‍ പറയുന്നത്. ഇതിന് അന്തിമ തീരുമാനമാകുമെന്നരീതിയിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടര്‍ ചേംബറില്‍ യോഗം വിളിച്ചു ചേര്‍ത്തത്.
എന്നാല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്ത് തീരുമാനം എടുക്കുകയുള്ളുവെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ ഡി.ടി.പി.സി അധികൃതരും അത് അംഗീകരിക്കുകയായിരുന്നു.
നിലവിലുള്ള സാഹചര്യത്തില്‍ കണ്ണൂരില്‍ ടൂറിസം വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്ന സ്ഥലമാണ് പയ്യാമ്പലം.
പാര്‍ക്ക് നില നില്‍ക്കുന്ന സ്ഥലത്തിനാണ് കോര്‍പറേഷന്‍ അവകാശ വാദം ഉന്നയിക്കുന്നത്. ഈ സ്ഥലം കോര്‍പറേഷന്‍ പൂര്‍ണമായും ഏറ്റെടുത്ത് പ്രവൃത്തി നേരിട്ട് നടത്തണമെന്ന ഉറച്ച തീരുമാനത്തിലാണ് ഡി.ടി.പി.സി. അല്ലെങ്കില്‍ പൂര്‍ണമായും ഡി.ടി.പി.സിക്ക് സ്ഥലം കൈമാറണമെന്നുമുള്ള തീരുമാനവുമുണ്ട്.
ഇത്തരത്തില്‍ പരസ്പരം ഒത്തു തീര്‍പ്പിനും വിട്ടു വീഴ്ച്ചക്കും നില്‍ക്കാതെ ഇരു കൂട്ടരും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് അലി, കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് , കോര്‍പറേഷന്‍ സെക്രട്ടറി, താസില്‍ദാര്‍ സജീവന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."