സമരം ഒത്തുതീര്‍പ്പായി; വല്ലാര്‍പാടത്ത് ചരക്കുനീക്കം പുനരാരംഭിച്ചു
കൊച്ചി: വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വല്ലാര്‍പാടത്ത് ട്രക്കുടമകളുടെ സംഘടനകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഇതേത്തുടര്‍ന്ന് തുറമുഖത്തെ ചരക്കു നീക്കം പുനരാരംഭിച്ചു. വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട് മന്ത്രി മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ യൂണിയനുകളും ട്രക്കുടമ സംഘടനകളും അംഗീകരിച്ചു. ടെര്‍മിനലിന്റെ മുന്‍വശത്തുള്ള ഭാരത് പെട്രോളിയം കോര്‍പറേഷന്റെ നാല് ഏക്കര്‍ സ്ഥലം വികസിപ്പിച്ച് സെപ്റ്റംബറിനകം സ്ഥിരമായ പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കും.
അതുവരെ ബോള്‍ഗാട്ടിയിലെ പാര്‍ക്കിങ് യാര്‍ഡില്‍ അറുപതോളം വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. പോര്‍ട്ടിനകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 48 മണിക്കൂര്‍ വരെ ടെര്‍മിനലിനകത്ത് പാര്‍ക്ക് ചെയ്യാമെന്ന് ഡി.പി വേള്‍ഡ് അംഗീകരിച്ചു. ടെര്‍മിനലുമായി ബന്ധപ്പെട്ട പ്രത്യേക സാമ്പത്തിക മേഖലയ്ക്കകത്ത് ഡീ-നോട്ടിഫിക്കേഷന്‍നടത്തി പത്ത് ഏക്കര്‍ സ്ഥലം വാഹന പാര്‍ക്കിങിന് താല്‍ക്കാലികമായി അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.
അഞ്ചുവര്‍ഷമായി പാര്‍ക്കിങുമായി ബന്ധപ്പെട്ട് തുറമുഖ അധികൃതര്‍ നല്‍കിയ മുഴുവന്‍ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്ന് യോഗത്തില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കര്‍ശനമായ ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഡീ-നോട്ടിഫിക്കേഷന് സത്വരനടപടികള്‍ സ്വീകരിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു.
പാര്‍ക്കിങുമായി ബന്ധപ്പെട്ട് തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം മന്ത്രിതലയോഗം വിളിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കിയോയെന്ന് പരിശോധിക്കാനും യോഗം തീരുമാനിച്ചു.
തുറമുഖ വകുപ്പ് മന്ത്രിക്കു പുറമേ ജില്ലാ കലക്ടര്‍ എം.രാജമാണിക്യം, പൊലിസ് കമ്മിഷണര്‍ എം.പി.ദിനേശ്, പോര്‍ട്ട് ട്രസ്റ്റ് സെക്രട്ടറി ഗൗരി എസ്.നായര്‍, ഡി.പി.വേള്‍ഡിനെ പ്രതിനിധീകരിച്ച് കൃഷ്ണദാസ്, ഗിരീഷ് മേനോന്‍, ബി.പി.സി.എല്‍.പ്രതിനിധി പി.എം.സോമചൂഡന്‍, മുന്‍ എം.പിമാരായ ചന്ദ്രന്‍പിള്ള, പി.രാജീവ്, എം.എല്‍.എ മാരായ എസ്.ശര്‍മ്മ, കെ.ജെ.മാക്‌സി തുടങ്ങിയവരും ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി.എസ്.ആഷിക്, ചാള്‍സ് ജോര്‍ജ്, ബി.ഹംസ, എം.ജമാല്‍കുഞ്ഞ്, വി.യു.ഹംസക്കോയ, എം.എം.രാജീവ്, തുടങ്ങിയവരും ട്രക്കുടമാ സംഘടനാ ഭാരവാഹികളായ പ്രകാശ് അയ്യര്‍, ടോമി തോമസ്, ടി.കെ.സജീവ്, രാജീവ് റോസ് ലൈന്‍, ടി.പി.സുമന്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."